ഇനി ‘കേരള’ അല്ല ; ‘കേരളം’, ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിച്ചത്. ബിൽ രാഷ്ട്രപതി ദ്രൗപദി മുർമു കേരള നിയമസഭയ്ക്ക് അയയ്ക്കും. നിയമസഭയുടെ അഭിപ്രായം തേടിയശേഷം കേന്ദ്രം തുടർനടപടി സ്വീകരിക്കും. പാർലമെന്റും ബിൽ പാസാക്കേണ്ടതുണ്ട്.
ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.
കായംകുളത്ത് നവജാത ശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭേദഗതികൾ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചത്. 2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കി. തുടർന്നാണ് പരിഷ്കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.