കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട ആദം അലിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെത്തിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ വീട്ടമ്മയുടെ കൊലപാതകത്തിലെ പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെത്തിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ പട്ടാപ്പകല്‍ കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി മൃതദേഹം അയല്‍വീട്ടിലെ കിണറ്റില്‍ കാലില്‍ കല്ല് കെട്ടി താഴ്ത്തിയശേഷം പ്രതി ഒളിവില്‍ കടന്നുകളയുകയായിരുന്നുവെന്ന് ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പര്‍ജന്‍കുമാര്‍ അറിയിച്ചു.വെസ്റ്റ് ബംഗാള്‍ കൂച്ച് ബിഹാര്‍ ഹല്‍ദിബാരി ഗംഗാ ദോബയില്‍ റഹ്‌മാന്‍ മകന്‍ ആദംഅലി (21)-നെയാണ് സിറ്റി പോലീസിന്റെപ്രത്യേക അന്വേഷണ സംഘംഅറസ്റ്റ് ചെയ്ത്‌ചെന്നൈ സെയ്ദാപേട്ട് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി, ട്രാന്‍സിറ്റ് വാറണ്ട് സഹിതം തലസ്ഥാനത്ത് എത്തിച്ചത്. ഇയാളുടെ മറ്റു ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോ ടെയാണ് കേശവദാസപുരം രക്ഷാപുരി ചര്‍ച്ചിന് സമീപം ദിനരാജിന്റെ ഭാര്യ 68 വയസ്സുള്ള മനോരമയെ കാണാതായ വിവരം മെഡിക്കല്‍കോളജ് പോലീസിന് ലഭിക്കുന്നത്. വീട് തുറന്നിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് സംഘങ്ങളായി തിരിഞ്ഞ് സി. സി. ടി. വി ദൃശ്യങ്ങള്‍ ശേഖരിച്ചും കേരള പോലീസ് ഡോഗ് സ്‌ക്വാഡ്, കേരള ഫയര്‍ ഫോഴ്‌സ് തുടങ്ങിയവരുടെ സഹായത്തോടെ നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് വീടിനു സമീപമുള്ള കിണറ്റില്‍ കാലില്‍ കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ മനോരമയുടെ മൃതദേഹം കണ്ടെത്തിയത്.സമീപത്തു പണിനടക്കുന്ന വീട്ടില്‍ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയായ ആദം അലി എന്നയാളെ കാണാതായത്, കൊലപാതകസാദ്ധ്യത സംബന്ധിച്ച് പോലീസിന് ആദ്യമേ സംശയം ഉണ്ടായിരുന്നു.തുടര്‍ന്ന് തിരുവനന്തപുരം സിറ്റിപോലീസ് കമ്മീഷണറുടെനിര്‍ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് സെല്‍ എ. സി. പി ഷീന്‍ തറയിലിന്റെ മേല്‍നോട്ടത്തിലും മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഹരിലാല്‍.പി, പോലീസ് എസ് ഐ മാരായ പ്രശാന്ത്, പ്രിയ, രതീഷ്, എസ് സി പി ഓ മാരായ രഞ്ജിത്ത് , അനില്‍ സി .പി. ഓ മാരായ ബിമല്‍മിത്ര, ബിനു,ഫിറോസ്, തിരുവനന്തപുരം സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് എഗൈന്‍സ്റ്റ് ഓര്‍ഗനൈസ്ഡ് ക്രൈം ടീമംഗങ്ങളും അടങ്ങിയ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പ്രതിയായി സംശയിക്കപ്പെട്ട ആദം അലിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.സി. സി. ടി. വി. ദൃശ്യങ്ങള്‍ പരിശോധിച്ച് ആദം അലി തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍എത്തിയതായി കണ്ടെത്തുകയും,ഇയാള്‍ ചെന്നൈ എക്‌സ്പ്രസ്സില്‍ കടന്നതായി അന്വേഷണത്തില്‍ വിവരം ലഭിച്ചതും വഴിത്തിരിവായി. ഉടന്‍ തന്നെ ഡെപ്യൂട്ടി കമ്മീഷണര്‍ അജിത് കുമാര്‍, പ്രതിയുടെ ഫോട്ടോയും മറ്റു അടയാള വിവരങ്ങളും ചെന്നൈ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ചെന്നൈ ഡെപ്യൂട്ടി കമ്മീഷണറുടെ ടീമും ചെന്നൈ ആര്‍.പി.എഫും ട്രെയിനിലെ ബോഗികള്‍ അരിച്ചു പെറുക്കി നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം തിരുവനന്തപുരം സിറ്റി പോലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ പ്രത്യേക അന്വേഷണ സംഘം ചെന്നെയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി വാറണ്ട് സഹിതം തലസ്ഥാനത്ത് എത്തിച്ചത്.
വളരെ ചെറുപ്പത്തില്‍ തന്നെ കേരളത്തില്‍ ജോലി തേടിയെത്തിയ പ്രതി, ആദം അലി, കൊല്ലം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി നോക്കിയശേഷം ഒന്നരമാസം മുമ്പാണ് സുഹൃത്ത് ദീപക് എന്നയാളുടെ സഹോയത്തോടെ കേശവദാസപുരം രക്ഷാപുരം ചര്‍ച്ചിന് സമീപം രാജേഷ് എന്ന കെട്ടിടം കോണ്‍ട്രാക്ടറുടെ കീഴില്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണപണികള്‍ക്കായി എത്തിയത്. പണിനടക്കുന്ന വീട്ടില്‍ പ്രതിയെ കൂടാതെ വെസ്റ്റ് ബംഗാള്‍ സ്വദേശികളായ അഞ്ചോളം പേരും താമസമുണ്ടായിരുന്നു. പ്രതി, കൃത്യത്തിന് ശേഷം പശ്ചിമബംഗാളിലേക്ക് കടന്ന് ഒളിവില്‍ പോകുന്നതിനാണ് നാട് വിട്ടത്. തിരുവനന്തപുരം സിറ്റി പോലീസിന്റെ സമയോചിതമായ ഇടപെടലും പഴുതടച്ചുള്ള അന്വേഷണവുമാണ് നാടിനെ നടുക്കി പട്ടാപ്പകല്‍ നടത്തിയ ഹീനമായ കൊലപാതകത്തിലെ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ കേരള പോലീസിന് പിടികൂടാനായതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കൂടുതല്‍ തെളിവെടുപ്പിനും കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അറിയുന്നതിനും, ആയുധം കണ്ടെത്തുന്നതിലേക്കുമായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തുടര്‍നടപടി സ്വീകരിക്കുമെന്നും, പ്രതി സാമ്പത്തിക നേട്ടത്തിനായി കവര്‍ച്ചനടത്തുന്നതിലേക്കാണ് ഹീനമായ കൊലപാതകം നടത്തിയതെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തുന്നതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *