കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. വിശദമായി ചോദ്യം ചെയ്തശേഷം പ്രാരംഭ തെളിവെടുപ്പും ഇന്നുണ്ടായേക്കും. കൊലക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേശവദാസപുരത്ത് വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആദം അലിയെ അറസ്റ്റ് ചെയ്തെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ മൂന്നംഗ ഷോഡോ ടീം ചെന്നൈയിലേക്ക് യാത്ര തിരിച്ചിരുന്നു. ഇന്ന് പ്രതി ആദം അലിയെ തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് പ്രാരംഭ തെളിവെടുപ്പും ഉണ്ടാകും. കൊലക്ക് പിന്നില്‍ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കൊല്ലപ്പെട്ട കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയര്‍ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നില്‍ വീട്ടില്‍ മനോരമ (68) യുടെ വീടിന് സമീപത്ത് കെട്ടിടനിര്‍മാണ തൊഴിലാളിയായി എത്തിയാളാണ് പ്രതി ബംഗാള്‍ സ്വദേശി ആദം അലി (21). ആദം ഉള്‍പ്പെടെ ആറ് പേരായിരുന്നു തൊഴിലാളികളായി ഉണ്ടായിരുന്നത്.
മനോരമയും ഭര്‍ത്താവ് ദിനരാജുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ആറാഴ്ചയായി ഇവരുടെ വീട്ടില്‍ നിന്നാണ് തൊഴിലാളികള്‍ വെള്ളം എടുത്തിരുന്നത്. കുടിവെള്ളം ഉള്‍പ്പെടെ എന്താവശ്യത്തിനും കിണറ്റില്‍ നിന്ന് വെള്ളം കോരിയെടുക്കാന്‍ അനുവാദം ഇവര്‍ നല്‍കിയിരുന്നു.
മനോരമയുടെ വീടിന്റെ ഗേറ്റ് കടന്ന് വരാന്‍ അതുവഴി പ്രതിയായ ആദമിനും സുഹൃത്തുക്കള്‍ക്കും സ്വാതന്ത്ര്യമായി. ഈ സ്വാതന്ത്ര്യം മുതലെടുത്താവും കൊല നടത്തിയതെന്നു പൊലീസ് പറയുന്നത്.മൃതദേഹം തൊട്ടടുത്ത വീട്ടിലെ കിണറ്റിലേക്ക് വലിച്ചിഴക്കുന്ന ദൃശ്യങ്ങളില്‍ പ്രതി ഇടയ്ക്കിടെ മതിലിന് മുകളിലേക്ക് നോക്കുന്നത് വ്യക്തമാണ്. മതിലിന് മുകളില്‍ നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പൊലീസ് പരിശോധിക്കും.നിലവില്‍ മനോരമയുടെ ശരീരത്തില്‍ നിന്നും 7 പവന് സ്വര്‍ണം നഷ്ടമായത്. ഇത് എന്ത് ചെയ്തെന്നും കണ്ടെത്തേണ്ടതുണ്ട്. അതിന് ശേഷം കോടതിയില്‍ ഹാജരാക്കാനാണ് നീക്കം. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്ട്ടത്തില്വ്യക്തമായിരുന്നു. അതേസമയം വായ ഭാഗത്തെ മുറിവ് സംബന്ധിച്ച് വിശദമായ പോസ്റ്റുമോര്‍ട്ട ഫലത്തില്‍ മാത്രമെ വ്യക്തത വരികയുള്ളു. പെട്ടെന്നുള്ള പ്രകോപനമാണോ അതോ നേരത്തെ കരുതിക്കൂട്ടിയുള്ള ശ്രമമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തേണ്ടതുണ്ട്.