കേശവദാസപുരത്ത് വയോധികയെ കഴുത്ത് ഞെരിച്ച് കൊന്ന് കിണറ്റിലിട്ടു; അതിഥിതൊഴിലാളിക്കായി തെരച്ചില്‍

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ അടുത്തവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ക്കാരില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയായ മനോരമ (68) ആണ് മരിച്ചത്. മനോരമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആദ്യറിപ്പോര്‍ട്ട്. സംഭവത്തില്‍ വീടിനടുത്ത് ജോലി ചെയ്തിരുന്ന അതിഥിതൊഴിലാളിക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.
കാലില്‍ ഇഷ്ടിക കെട്ടിയ നിലയിലാണ് മനോരമയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് മനോരമയുടെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദവും ഞെരക്കവും കേട്ടതായി അയല്‍വാസികള്‍ പറയുന്നു. ശബ്ദം കേട്ട് വീടിലെത്തിയ അയല്‍ക്കാര്‍ കതകില്‍ തട്ടിയെങ്കിലും ആരും തുറന്നിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ പോയ ശേഷം മൃതദേഹം തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ കൊണ്ടിട്ടതാകാമെന്ന് പൊലീസ് പറയുന്നു.
കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്. മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ഭര്‍ത്താവ് മകളെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി അയല്‍വാസികള്‍ ദിനരാജിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പൊലീസ് നായ മണം പിടിച്ച് അയല്പക്കത്തെ വീട്ടിലെ കിണറിന് സമീപം വന്നു നിന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ എത്തിച്ചു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.