പേരാവൂർ തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെതിരെ കെകെ ശൈലജയെ കളത്തിലിറക്കാൻ സാധ്യത

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കവെ കണ്ണൂർ ജില്ലയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. മട്ടന്നൂരിലെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തില്ലെന്ന വിവരമാണ് സിപിഎമ്മിൽ നിന്ന് പുറത്തുവരുന്നത്. യുഡിഎഫിന്റെ കൈവശമുള്ള പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് സാധ്യത.

നിലവിൽ മട്ടന്നൂർ എംഎൽഎയായ ശൈലജയെ മാറ്റി അവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. അതേസമയം, തലശ്ശേരിയിൽ സിറ്റിംഗ് എം എൽ എയും സ്പീക്കറുമായ എ എൻ ഷംസീറിനെ ഇത്തവണ പരിഗണിച്ചേക്കില്ല. പകരം കാരായി രാജനെ തലശ്ശേരിയിൽ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. തളിപ്പറമ്പിൽ പികെ ശ്യാമളയും പൊന്നാനിയിൽ എം കെ സക്കീറുമാണ് പരിഗണനയിലുള്ളത്. പി എസ് സി മുൻ ചെയർമാനാണ് സക്കീർ.

നിയമസഭ തെരഞ്ഞെടുപ്പ് മട്ടന്നൂർ മണ്ഡലം ഇല്ലെങ്കിൽ പിന്നെ മറ്റെവിടേക്കും പരിഗണിക്കേണ്ടതില്ലെന്ന് കെ കെ ശൈലജ നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. ‘ഉറച്ച സീറ്റെങ്കിൽ ടേം വ്യവസ്ഥ പാലിക്കണം’ ആ ഒരൊറ്റ മാനദണ്ഡം വച്ചാണ് മട്ടന്നൂരിൽ നിന്ന് കെകെ ശൈലജ തെറിച്ചത്. തെരഞ്ഞടുപ്പ് അടുത്തപ്പോൾ തലപൊക്കിയ വനിതാ മുഖ്യമന്ത്രി ചർച്ചകളും ജനകീയ നേതാവ് പരിവേഷവും ഒന്നും കണക്കിലെടുക്കേണ്ടതില്ലെന്ന് തന്നെയാണ് കെ കെ ശൈലജയുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്‍റെയും നിലപാട്.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിനെയാണ് മട്ടന്നൂരിലേക്ക് പാർട്ടി പരിഗണിക്കുന്നത്. കെ കെ ശൈലജയുടെ കാര്യത്തിൽ സംസ്ഥാനതലത്തിൽ ഇനി പുനരാലോചന ഉണ്ടായാലും പരിഗണിക്കാൻ സാധ്യത പേരാവൂരിൽ മാത്രമാണ്. 2011 മുതൽ സണ്ണി ജോസഫ് ജയിച്ച് വരുന്ന മണ്ഡലത്തിൽ കനത്ത മത്സരം നടക്കും. ഇത് മുൻകൂട്ടിക്കണ്ട് കൂടിയാണ് മട്ടന്നൂരില്ലെങ്കിൽ പിന്നെ മത്സരിക്കാനില്ലെന്ന നിലപാടിലേക്ക് കെകെ ശൈലജ എത്തുന്നതും അത് നേതൃത്വത്തെ അറിയിക്കുന്നതും. മാർച്ച് ആദ്യവാരം അന്തിമ ലിസ്റ്റാകും.