ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ചോദിച്ച് വാങ്ങാന്‍ കോണ്‍ഗ്രസ്; കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കും

ന്യൂഡല്‍ഹി: കേന്ദ്രത്തിൽ പുതിയ സര്‍ക്കാര്‍ അധികാരമേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒഴിച്ചിട്ടിരിക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നികത്താന്‍ സമ്മര്‍ദ്ദം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. സഭയിലെ ചട്ടങ്ങളും കീഴ്വഴക്കങ്ങളും പാലിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് എന്തെങ്കിലും മറുപടി ഖാര്‍ഗെയ്ക്ക് പ്രധാനമന്ത്രി നല്‍കിയിട്ടില്ല.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് കോണ്‍ഗ്രസ് അവകാശം ഉന്നയിച്ചിരുന്നെങ്കിലും പിന്നീട് സജീവമായി ശ്രമങ്ങള്‍ നടത്തിയിരുന്നില്ല. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിച്ചിട്ടപ്പോള്‍ എന്‍ഡിഎ പറഞ്ഞ ന്യായീകരണം രാജ്യത്ത് ഔദ്യോഗിക പ്രതിപക്ഷപ്പാര്‍ട്ടി ഇല്ല എന്നതായിരുന്നു.
എന്നാല്‍ ഇപ്പോൾ ഔദ്യോഗിക പ്രതിപക്ഷത്തിന് വേണ്ടതിലും അധികം സീറ്റുണ്ടായിട്ടും എന്തുകൊണ്ട് പരിഗണിക്കുന്നിന്നില്ലെന്നാണ് കോൺഗ്രസ് ചോദ്യം. എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിന്റെ ഉള്‍പ്പെടെ ചുമതലയും സഭാ നടത്തിപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്വവുമെല്ലാമുള്ള ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന്റെ പ്രാധാന്യവും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 21ന് തുടങ്ങും. രാജ്യം സജീവമായി ചര്‍ച്ച ചെയ്യുന്ന പല വിഷയങ്ങള്‍ ഉയര്‍ത്തുന്നതിനൊപ്പം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനുള്ള ആവശ്യവും പ്രാധാന്യത്തോടെ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.
പാര്‍ട്ടിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചാല്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന എംപി കൊടിക്കുന്നില്‍ സുരേഷിനെയാണ് ഡപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസ് കണക്കാക്കുന്നത്. ദീര്‍ഘകാലം എംപിയായ കൊടിക്കുന്നിലിന് സഭാ നടപടികളിലുള്ള അറിവ് ഗുണമാകുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.