തിരുവനന്തപുരം : സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്തു പൊതുദര്‍ശനത്തിനു വയ്ക്കണമെന്നു കുടുംബം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി ഭാര്യ വിനോദിനി ബാലകൃഷ്ണന് വെളിപ്പെടുത്തി. ചെന്നൈയിലെ ആശുപത്രിയില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ഇക്കാര്യം പറഞ്ഞിരുന്നു. അച്ഛന്റെ ആഗഹവും അതായിരുന്നെന്ന് അവര്‍ പറഞ്ഞു.
കോടിയേരിയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് വിനോദിനിയുടെ ഈ തുറന്നു പറച്ചില്. സിപിഎം സംസ്ഥാന സെക്രട്ടറിയായും മന്ത്രിയായും കോടിയേരി നിറഞ്ഞു നിന്ന തലസ്ഥാനത്ത് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം ഒരുക്കാത്തത് പാര്‍ട്ടിയില്‍ നേരത്തേ വിവാദം സൃഷ്ടിച്ചിരുന്നു. കുടുംബത്തെ വിശ്വാസത്തിലെടുത്തു തന്നെയാണ് ആ തീരുമാനം എടുത്തതെന്ന സിപിഎമ്മിന്റെ വിശദീകരണമാണ് വിനോദിനി നിരാകരിച്ചത്. എനിക്കും ഉണ്ടല്ലോ, ആ വിഷമം. ആരോടു പറയാന്‍ കഴിയും അന്ന് ഞാന്‍ ഓര്‍മയും ബോധവും നഷ്ടപ്പെട്ട നിലയിലാണ്. ബിനോയിയും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു.
സത്യം സത്യമായി പറയണമല്ലോ. മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്നു പറഞ്ഞു. അപ്പോള്‍, അതല്ല, എന്തു തിരിച്ചു പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായാലും തിരുവനന്തപുരത്ത് കൊണ്ടുപോയില്ല. നടന്നില്ല, ഇനി സാരമില്ല, അതു കഴിഞ്ഞു. അതിന്റെ പേരില്‍ പുതിയ വിവാദം വേണ്ടന്ന് വിനോദിനി പറഞ്ഞു.