കൊല്ലം കോട്ടയിലും പാലക്കാടും മോശമാക്കില്ല; കോഴിക്കോട് അപ്രതീക്ഷിത തിരിച്ചടിയുണ്ടായേക്കും, വിലയിരുത്തി സിപിഎം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനിയും ആഴ്ചകള്‍ ബാക്കിയാണ്. എന്നാല്‍ താഴേത്തട്ടില്‍ നിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ജയപരാജയ സാദ്ധ്യതകള്‍ വിലയിരുത്തുകയാണ് സിപിഎമ്മിന്റെ വിവിധ ജില്ലാ സെക്രട്ടേറിയറ്റുകള്‍. പാര്‍ട്ടിക്ക് ശക്തമായ ജനപിന്തുണയുള്ള കോഴിക്കോട് ജില്ലയില്‍ ഇത്തവണ ചില മണ്ഡലങ്ങള്‍ നഷ്ടമായേക്കുമെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. അതായത് 2000ന് ശേഷം ഇതാദ്യമായി ജില്ലയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുണ്ടാകാനുള്ള സാദ്ധ്യത സിപിഎം തള്ളുന്നില്ല.

ജില്ലയില്‍ നാല് മണ്ഡലങ്ങളില്‍ മാത്രമാണ് സിപിഎം ജയം ഉറപ്പിച്ച് പറയുന്നത്. മന്ത്രി മുഹമ്മദ് റിയാസ് മത്സരിക്കുന്ന ബേപ്പൂര്‍, എലത്തൂര്‍, ബാലുശ്ശേരി, കോഴിക്കോട് നോര്‍ത്ത് എന്നീ മണ്ഡലങ്ങളിലാണ് പാര്‍ട്ടി ജയം ഉറപ്പിക്കുന്നത്. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാല് മണ്ഡലങ്ങളില്‍ തോല്‍ക്കും എന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍.

എല്‍ഡിഎഫ് കണ്‍വീനറും മുന്‍ മന്ത്രിയുമായ ടി.പി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ ശക്തമായ മത്സരം നേരിട്ടുവെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നും പത്ത് മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്നും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. മന്ത്രി എം ബി രാജേഷും മുന്‍ എം എല്‍ എ വി ടി ബല്‍റാമും തമ്മില്‍ ശക്തമായ പോരാട്ടം നടന്ന തൃത്താലയില്‍ വിജയം ഉറപ്പാണെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖ് മത്സരിച്ച പാലക്കാട്, സിപിഐ മത്സരിക്കുന്ന മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ വിജയത്തിന് സാദ്ധ്യത കുറവാണെന്നും പാര്‍ട്ടി വിലയിരുത്തി.പാര്‍ട്ടിയുടെ മറ്റൊരു കോട്ടയായ കൊല്ലം ജില്ലയിലും സ്ഥിതി മോശമല്ലെന്നും ഇവിടെ ഏഴ് മുതല്‍ ഒമ്പത് സീറ്റുകള്‍ വരെ ലഭിക്കുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് കണക്ക് കൂട്ടുന്നു.

മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, കെബി ഗണേഷ് കുമാര്‍ എന്നിവര്‍ മത്സരിച്ച കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷത്തിലായിരിക്കും എല്‍ഡിഎഫ് വിജയിക്കുകയെന്നും സിപിഎം വിലയിരുത്തി. കുണ്ടറയിലും കരുനാഗപ്പള്ളിയിലും യുഡിഎഫ് വിജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയ്ക്കാനാകുമെന്നാണ് സിപിഎം വിലയിരുത്തുന്നത്.