കോഴിക്കോട് തീപിടുത്തം; ജില്ലാ കളക്ടറോട് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി

നാടിനെ നടുക്കിയ കോഴിക്കോട്ടെ തീപിടുത്തത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വിഷയത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടിയത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലും നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അഷറഫ് അലി ട്വന്റി ഫോറിനോട് പറഞ്ഞു.

പുതിയ ബസ് സ്റ്റാന്റില്‍ തീപിടിത്തമുണ്ടായ ഭാഗത്ത് മാത്രം നിലവില്‍ ഗതാഗത നിയന്ത്രണമുണ്ട്. പൂര്‍ണമായും സ്റ്റാന്‍ഡില്‍ നിന്നുള്ള ബസ് ഗതാഗതത്തിന് നിയന്ത്രണം ഇല്ല. പത്ത് മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് തീ പൂര്‍ണമായും അണക്കാനായത്. . തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കും കൈമാറും.

തീപിടുത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. രക്ഷാ ദൗത്യത്തില്‍ വീഴ്ചഉണ്ടായിട്ടില്ല എന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. വൈകിട്ട് 4.50നാണ് തീപിടുത്തം ഉണ്ടായത്. ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. പിന്നീട് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *