ഇടുക്കി: കോണ്‍ഗ്രസ് ഇടുക്കി ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും എല്ലാത്തിലും കയ്യിട്ട് വാരി പണം സമ്പാദിക്കുന്നയാളാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. ആരോപണങ്ങള്‍ നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മാസപ്പടി വിവാദത്തിലും പ്രതികരണമില്ല. കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തിലും പ്രതികരണമില്ല. മുഖ്യമന്ത്രിയുടെ മകള്‍ എന്ത് സേവനത്തിനാണ് സിഎംആര്‍എല്ലില്‍നിന്ന് പണം വാങ്ങിയത്? ആ പണത്തെ കൈക്കൂലി എന്ന് വിളിക്കണോ കള്ളപ്പണം എന്ന് വിളിക്കണോയെന്നും സുധാകരന്‍ ചോദിച്ചു.
എന്താണ് പിണറായി വിജയന്‍ മകള്‍ക്കെതിരായ ആരോപണം നിഷേധിക്കാത്തതെന്നും വായിക്കകത്ത് പിണ്ണാക്കാണോയെന്നും സുധാകരന്‍ തുറന്നടിച്ചു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ അവിഹിതമാണ് നടക്കുന്നത്. ബിജെപി സിപിഎമ്മിനെ രഹസ്യമായി സഹായിക്കുമെന്നും അന്തര്‍ധാര സജീവമാണെന്നും സുധാകരന്‍ ആരോപിച്ചു. കോണ്‍ഗ്രസ് പുന:സംഘടനയില്‍ ഇടുക്കി ഡിസിസിയെയും കെ സുധാകരന്‍ വിമര്‍ശിച്ചു. പുന:സംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്നും ഇക്കാര്യത്തില്‍ ഡിസിസി പ്രസിഡന്റ് മറുപടി പറയണമെന്നും കെ സുധാകരന്‍ പറഞ്ഞു.
എല്ലാ പണവും തട്ടിയെടുക്കാന്‍ വേണ്ടി ഊരാളുകള്‍ എന്ന കമ്പനിക്ക് ടെന്‍ഡര്‍ കൊടുത്തിരിക്കുകയാണ്. പിണറായിയുടെ അദാനി ആണ് ഊരാളുങ്കല്‍. എന്തിനാണ് കേരളീയം നടത്തുന്നത്?. സര്‍ക്കാരിന്റെ ഫണ്ട് ധൂര്‍ത്ത് അടിക്കുകയാണ്.ഈ പണം മാറ്റി വെച്ചിരുന്നെങ്കില്‍ കെ എസ് അര്‍ ടി സി യുടെ ബാധ്യതകള്‍ തീര്‍ക്കമായിരുന്നു. സര്‍ക്കാരിനെതിരെ വിമോചന സമരം നടത്തും. കോണ്‍ഗ്രസിന് അതിനുള്ള നട്ടെല്ലുണ്ട്. സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് കോണ്‍ഗ്രസ് ഐക്യത്തോടെ നീങ്ങണമെന്നും സീറ്റുകള്‍ നഷ്ടപ്പെടുത്തരുതെന്നും അധികാരത്തില്‍ തിരികെയെത്തണമെന്നും പ്രവര്‍ത്തകരോട് കെ സുധാകരന്‍ പറഞ്ഞു.