ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ വിഷയത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ

ദുബൈ: പേരാമ്പ്രയിൽ: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർ​ദനത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഷാഫിയെ പൊലീസ് മനപ്പൂർവം ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഷാഫി സിപിഎമ്മിന് തലവേദനയാണെന്നും ഷാഫിയെ ഇല്ലാതാക്കാൻ നടക്കുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമെന്നും അദ്ദേഹം പ്രതികരിച്ചു. കുറ്റവാളികൾ ആയ പൊലീസുകാരെ സസ്പെൻഡ്‌ ചെയ്യണം. ചോരക്കളി വേണ്ടെന്നും സിപിഎം ഭീഷണിക്ക് വഴങ്ങില്ലെന്നും ജനങ്ങളുടെ പിന്തുണയിൽ ചെറുത്‌ത് തോല്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസിന് പുതിയ പ്രസിഡന്റ് ഉടനെ ഉണ്ടാകുമെന്നും പുന:സംഘടനയിൽ ഉടൻ തീരുമാനമെന്നും കെപിസിസി അധ്യക്ഷൻ.

മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ച വിഷയത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. വിവേക് കിരൺ ഹാജരായോ എന്നും അറസ്റ്റ് ചെയ്തോ എന്നും വ്യക്തമാക്കണം. ആ കേസ് ഇല്ലാതാക്കാൻ ആണ് ബിജെപിയുമായി മുഖ്യമന്ത്രിയുടെ ഒത്തുകളി. രഹസ്യ ബന്ധം ഇന്ന് പരസ്യമാണെന്നും ഇഡിയും വ്യക്തമാക്കണം. വിവേക് കിരൺ സമൻസ് ലംഘിച്ചോ എന്ന് സിഎം വിശദീകരിക്കണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഇഡി എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം. അതിനു ശേഷം സമരവും നിയമ നടപടിയും ആലോചിക്കും. ഹൈക്കോടതി നിയന്ത്രണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

അതേ സമയം, ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്‍റെ രണ്ട് അസ്ഥികളിൽ പൊട്ടലുണ്ടായെന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചതായാണ് സിടി സ്കാൻ റിപ്പോർട്ട്. നിലവിൽ എംപി ഐസിയുവിൽ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഏതാനും ദിവസങ്ങൾ കൂടി ഷാഫി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.