വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് കെപിസിസി

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് കെപിസിസി. യുവജന സംഘടനകളുടെ നടപടികളില്‍ ഉത്തരവാദിത്വമില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണം. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസിന് നല്‍കിയ മറുപടിലാണ് യുവജന സംഘടനയെ തള്ളി മാതൃ സംഘടന രംഗത്തെത്തിയത്.
ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയാണ്. എന്നാല്‍ അതിന് സ്വന്തമായി ഭരണഘടനയും സംഘടനാ സംവിധാനവുമുള്ള സ്വതന്ത്ര സ്ഥാപനമാണ്. അതുകൊണ്ട് യൂത്ത് കോണ്‍ഗ്രസിനെതിരായ ഏതെങ്കിലും ആരോപണത്തിന് വിശദീകരണം നല്‍കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് നിയമപരമായി ബാധ്യതയില്ല. ആ സംഘടനയുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും വിശദീകരണം ആ സംഘടനയില്‍ നിന്ന് നേരിട്ട് ആവശ്യപെടാം” എന്നായിരുന്നു കെപിസിസി പ്രസിഡന്റ് നല്‍കിയ വിശദീകരണം.
അതേസമയം, പരാതിയില്‍ യാതൊരു വസ്തുതയുമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വിശദീകരണം നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ഇത്തരമൊരു വാര്‍ത്ത നല്‍കിയതെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ഷാഫി പറമ്പില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ആദ്യം ദേശാഭിമാനി പത്രമാണ് വാര്‍ത്ത നല്‍കിയത്. ലേഖകന്റെ ഭാവനയ്ക്ക് അനുസരിച്ചാണ് വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ സിപിഎം മുഖപത്രം കൊടുക്കാറുണ്ടെന്നും വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന് പോലീസ് കൈമാറിയ റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പൊതുതിരഞ്ഞെടുപ്പിന്റെ ബാധിക്കുന്ന കുറ്റകൃത്യമാണ് നടന്നതെന്നാണ് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചു. ഇത് നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെവരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കമ്മീഷന്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാണ്. കേസിന്റെ അന്വേഷണം സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമനുസരിച്ചായിരിക്കും എന്നാണ് സൂചനകള്‍.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ കാര്‍ഡ് തയ്യാറാക്കിയത് രാജ്യദ്രോഹമാണെന്നും വിശദ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതിനല്‍കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുകയും യുവജന സംഘടനയായ ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതിനല്‍കുകയും ചെയ്തിരുന്നു.