പൊതുഖജനാവിലെ പണമെടുത്ത് കെ എസ് ആർ ടി സി ജീവനക്കാരന് എല്ലാക്കാലവും ശമ്പളം നൽകാനാവില്ലെന്ന് വകുപ്പു മന്ത്രി തന്നെ പ്രഖ്യാപിക്കുന്നത് അപലപനീയമാണ്. സ്വന്തം വകുപ്പിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ ബാധ്യതയുള്ള മന്ത്രി തന്നെ അർഹതപ്പെട്ട ശമ്പളം പോലും നൽകാനാവില്ലെന്ന് പ്രഖ്യാപിക്കുന്നത് ഇടതുപക്ഷ നയമാണോയെന്ന് വ്യക്തമാക്കണം. കോർപ്പറേഷന്റെ ശമ്പളവും ഡീസലും ഉൾപ്പെടെയുള്ള പ്രവർത്തന ചെലവിനുള്ള വരുമാനം ജീവനക്കാരുടെ അദ്ധ്വാനഫലമായി ലഭിക്കുന്നുണ്ട്. അതിൽ നിന്നും ശമ്പള വിതരണത്തിനായിരിക്കണം ആദ്യപരിഗണന. കെ എസ് ആർ ടി സി യുടെ ശമ്പള പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപ്ലോയീസ് സംഘ് – ന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ്ണയുടെ നാലാം ദിവസം പ്രക്ഷോഭം ഉദ്ഘാടനം ചെയ്തു കൊണ്ട് BPMM ദേശീയ സെക്രട്ടറി ശ്രീ. പ്രദീപ് V നായർ പറഞ്ഞു.
കെ എസ് ആർ ടി സി യുടെ നിലവിലെ വരുമാനത്തിൽ നിന്നും സർക്കാർ നടപ്പാക്കിയ പാഴ്പദ്ധതികളുടെ വായ്പാ തുകയും അമിത പലിശയും തിരിച്ചടക്കുന്നത് സ്ഥാപനത്തിന്റെ നിലനില്പിനെ ബാധിക്കുന്നു. പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കുകയും ആർ ടി സിക്കായി മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി ബസ് വാങ്ങി നൽകുകയുമാണ് വേണ്ടത്. ഇപ്പോൾ കെ എസ് ആർ ടി സിക്കായി അനുവദിക്കുന്ന ഫണ്ട് സ്വിഫ്റ്റ് കമ്പനിക്ക് വേണ്ടി വകമാറ്റിയത് അംഗീകരിക്കാനാവില്ല. 2030നു ശേഷം കെ എസ് ആർ ടി സി ഉണ്ടാവില്ലെന്ന് പ്രവചിക്കുന്ന മേധാവി സ്ഥാപനത്തിന്റെ ശാപമാണ്. അദ്ദേഹത്തെ നിലയ്ക്കു നിർത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഗവൺമെന്റ് നയം മറ്റൊന്നല്ലെന്ന് കരുതേണ്ടി വരും. പുതിയ ബസുകൾ വാങ്ങാതിരുന്നാൽ പൊതുഗതാഗതത്തിന്റെ പതനത്തിന് 2030 വരെ കാത്തിരിക്കേണ്ടി വരില്ല, നിലവിലെ ബസുകളുടെ പെർമിറ്റ് കാലാവധി തീരുമ്പോൾ സർവീസ് അവസാനിപ്പിക്കേണ്ടി വരും. കേരളത്തിന്റെ ചലനത്തുടിപ്പായ ആനവണ്ടികൾ പൂർണ്ണമായും നിരത്തൊഴിയുന്ന സാഹചര്യം അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കാൻ സർക്കാർ നയം തിരുത്തിയേ തീരൂ. അത് നേടും വരെ ബിഎംഎസ് പ്രക്ഷോഭം കൂടുതൽ കൂടുതൽ ശക്തമായി തുടരും. എല്ലാ വിഭാഗം ജീവനക്കാരുടെയും ശമ്പളം കൃത്യമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണം.
കൊല്ലം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജി. എസ് ഗിരീഷ് അദ്ധ്യക്ഷത വഹിച്ച നാലാം ദിവസത്തെ ധർണ്ണയിൽ, സംസ്ഥാന സെക്രട്ടറി എൻ എസ് രണജിത്, കൊല്ലം ജില്ലാ സെക്രട്ടറി എം ഗിരീഷ് കുമാർ, വൈസ് പ്രസിഡന്റ് ബി എസ് സന്തോഷ് കുമാർ, TVM ജില്ലാ ജോയിന്റ് സെക്രട്ടറി എം മഹേശ്വരൻ നായർ എന്നിവർ സംസാരിച്ചു