സ്‌കൂള്‍ കുട്ടികളെ നവ കേരള സദസിനായി ഉപയോഗിച്ച സംഭവത്തില്‍ കെഎസ് യു ഹൈക്കോടതിയിലേക്ക്

കോഴിക്കോട്: സ്‌കൂള്‍ കുട്ടികളെ നവ കേരള സദസിനായി ഉപയോഗിച്ച സംഭവത്തില്‍ കെഎസ് യു ഹൈക്കോടതിയിലേക്ക്.തെളിവുകള്‍ സഹിതം ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കും .നവ കേരള സദസ്സിന്റെ വാഹനം സഞ്ചരിച്ച വഴിയില്‍ സ്‌കൂള്‍ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടികാട്ടിയാണ് ഹര്‍ജി .തിരുവനന്തപുരത്ത് നവ കേരളസദസിന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചെന്നും കെഎസ് യു കുറ്റപ്പെടുത്തി.
നവകേരള സദസ്സില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.നവകേരള സദസിലേക്ക് സ്‌കൂള്‍ ബസുകള്‍ വിട്ടു കൊടുക്കാനുള്ള നിര്‍ദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സ്‌കൂള്‍ കുട്ടികളെത്തന്നെ നിര്‍ബന്ധമായും സദസില്‍ പങ്കെടുപ്പിക്കണമെന്ന ഡിഇഒയുടെ കടുത്ത നിര്‍ദേശം.
താനൂര്‍ ഉപജില്ലയിലെ ഒരു സ്‌കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളില്‍ നിന്നായി കുറഞ്ഞത് നൂറുകുട്ടികളെയും എത്തിക്കണം എന്നുമാണ് നിര്‍ദേശം. അതും അച്ചടക്കമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് കൊണ്ടുപോകണമെന്ന വിചിത്രമായ കൂട്ടിച്ചേര്‍ക്കലും. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ അധ്യാപകര്‍ക്ക് മുകളില്‍ നിന്നുള്ള ഉത്തരവെന്നായിരുന്നു ഡിഇഒയുടെ മറുപടി. നിര്‍ബന്ധപൂര്‍വ്വം കുട്ടികളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നും പഠനത്തിന്റെ ഭാഗമായി നല്‍കിയ നിര്‍ദേശമെന്നുമാണ് ഡിഇഒയുടെ വിശദീകരണം