കര്‍ണൂല്‍ ബസ് അപകടം: അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് ബസിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകൾ

ഹൈദരാബാദ്: കര്‍ണൂലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 20 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് ബസിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളെന്ന് സംശയം. 46 ലക്ഷം രൂപ വിലമതിക്കുന്ന, റിയല്‍മി കമ്പനിയുടെ 234 സ്മാര്‍ട്ട് ഫോണുകള്‍ അടങ്ങിയ പാര്‍സല്‍ ആയിരുന്നു ബസില്‍ ഉണ്ടായിരുന്നത്.
ബസില്‍ തീ പടര്‍ന്നപ്പോള്‍ ഫോണുകളുടെ ബാറ്ററികള്‍ ചൂട് മൂലം പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് വിലയിരുത്തല്‍. ഫോറന്‍സിക് വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വിവരം പങ്കുവച്ചത്.
ഹൈദരാബാദില വ്യാപാരി ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ഫ്ളിപ്പ്കാര്‍ട്ടിന് വേണ്ടി അയച്ചവയാണ് ഈ ഫോണുകള്‍. ബസുകളില്‍ തീപടര്‍ന്നപ്പോള്‍ ഫോണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടിരുന്നതായി പ്രദേശത്തുണ്ടായിരുന്നവരുടെ മൊഴികളും പറയുന്നു.