സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ തിളങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാന്‍ലിനും പങ്കെടുത്ത ചടങ്ങില്‍ ഏറ്റവും ശ്രദ്ധേയനായത് കെ.വി.തോമസ് തന്നെയായിരുന്നു. വേദിയില്‍ നേരത്തെയെത്തി. മുഖ്യമന്ത്രിക്ക് സമീപമിരുന്ന് കുശലം പറഞ്ഞു. പ്രസംഗം തുടങ്ങിയത് സഖാക്കളെ എന്ന് അഭിസംബോധന ചെയ്ത്. കുമ്പളങ്ങിയിലെ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഇത് കോണ്‍ഗ്രസിനേയും ശക്തിപ്പെടുത്തുമെന്ന് തന്റെ സഹപ്രവര്‍ത്തകരും മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് കേരളത്തിന്റെ അഭിമാനമായ പിണറായി വിജയന് എന്ന്അദ്ദേഹം പറഞ്ഞു. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച മാനസിക സമ്മര്‍ദമുണ്ടായപ്പോള്‍ തന്നെ ആശ്വസിപ്പിച്ചത് പിണറായി വിജയനാണ്. വളരെ അഭിമാനത്തോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ചര്‍ച്ചയിലേക്ക് ക്ഷണിച്ച സിപിഎം നേതാക്കള്‍ക്കും കെ.വി.തോമസ് നന്ദി പറഞ്ഞു.
