തിരുവനന്തപുരം: വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ട ഭേദഗതി സംരംഭക സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇതുസംബന്ധിച്ച് മനോരമയില്‍ വന്ന വാര്‍ത്ത തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ലേഖകന്റെ ഭാവനാ സൃഷ്ടിയാകരുത് വാര്‍ത്ത. അനധികൃതമായും നിയമവിരുദ്ധമായും ഭൂമി കൈമാറുന്നതിന് ചുമത്തിയിട്ടുള്ള പിഴത്തുകയെ, സാധാരണ ഫീസ് നിരക്കെന്ന മട്ടില്‍ കളവായി പ്രചരിപ്പിക്കുകയാണ് വാര്‍ത്ത ചെയ്യുന്നത്.
വ്യവസായ എറ്റേറ്റുകളിലെ ഭൂമി വില വളരെ കുറവാണ്. വിപണി വിലയല്ല അത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറ്റെടുത്തപ്പോഴുള്ള വിലയും വികസന പ്രവര്‍ത്തനങ്ങളുടെ തുകയും ചേര്‍ത്തിട്ടുള്ള തുകയാണ് എസ്റ്റേറ്റുകളിലെ ഭൂമിക്ക് നിശ്ചയിച്ചിട്ടുള്ളത്. പ്രധാന നഗരങ്ങളില്‍ പോലും സെന്റിന് പതിനായിരത്തില്‍ താഴെ മാത്രമാണിത്.ഭൂമി കൈമാറ്റത്തിനുള്ള പ്രോസസിംഗ് ഫീസ് 25000 രൂപ മാത്രമാണ്. ഭൂമി വിലയില്‍ കാലാകാലങ്ങളിലുണ്ടാകുന്ന അധിക വില അടക്കണമെന്ന് ചട്ടത്തിലില്ല. സംരംഭകന്റെ ഉല്പന്നം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള അവസരം ഈ ചട്ട ഭേദഗതിയിലൂടെ നിലവില്‍ വന്നു. നേരത്തെ ഇത് പ്രായോഗികമായിരുന്നില്ല.
ഓണ്‍ലൈനായി അപേക്ഷ നല്കി ഇത് നടപ്പാക്കുന്നതിനുള്ള ഫീസ് 10000 മാത്രമാണ്. നിയമവിരുദ്ധമായി ഇത്തരം കാര്യങ്ങള്‍ ചെയ്താലുള്ള പിഴയെ, സ്വാഭാവിക ഫീസായി ചിത്രീകരിച്ചിരിക്കുകയാണ് ലേഖകന്‍. ഭൂമി കൈമാറ്റം ചെയ്യണമെങ്കിര് പട്ടയം വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റുന്നത് സംരംഭകന് ഗുണകരമാണ്. ഇതിനെയും വാര്‍ത്തയില്‍ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മിഷന് 1000 ആദ്യഘട്ട സംരംഭക സെലക്ഷന് പ്രഖ്യാപന വേദിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.