സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമിച്ച് അഭിഭാഷകന്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിച്ച് അഭിഭാഷകന്‍. 1-ാം നമ്പര്‍ കോടതിയില്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് 71 വയസ്സുള്ള രാകേഷ് കിഷോര്‍ എന്ന അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് നേരെ അതിക്രമം നടത്തിയത്.

സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് അഭിഭാഷകന്‍ എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്‌പോര്‍ട്‌സ് ഷൂ എറിയാന്‍ ശ്രമിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സുപ്രീം കോടതിയുടെ സുരക്ഷാ ജീവനക്കാര്‍ ഇടപെടുകയും അഭിഭാഷകനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്യുകയായിരുന്നു.

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തില്‍ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങളില്‍ അഭിഭാഷകന്‍ അതൃപ്തനായിരുന്നു ഇതില്‍ പ്രതിഷേധിച്ചാണ് അതിക്രമം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറയുന്നു. തന്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിന് നേരെ മാത്രമാണെന്നും ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ പറയുന്നുവെന്നും അഭിഭാഷകന്‍ പ്രതികരിച്ചു.

അതേസമയം, ഡല്‍ഹി പൊലീസിന്റെ സുരക്ഷാ വിഭാഗം നല്‍കുന്ന ഇസഡ് പ്ലസ് സുരക്ഷ ചീഫ് ജസ്റ്റിസ് ഗവായിക്ക് ഉണ്ട്.