‘പ്രതിപക്ഷം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കിയെന്ന് എൽഡിഎഫ് കൺവീനർ

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം ജനാധിപത്യ ബോധത്തെ വെല്ലുവിളിച്ചുവെന്നും സത്യത്തിന് നിരക്കാത്ത ആക്ഷേപങ്ങളുമായി സര്‍ക്കാരിനെതിരെ നിലപാടെടുത്തുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ ആരോപിച്ചു. പ്രതിപക്ഷം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കിയെന്നും ഇതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്നും ടിപി രാമകൃഷ്ണന്‍ ആരോപിച്ചു.
ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞില്ലായിരുന്നുവെങ്കില്‍ പ്രതിപക്ഷ അംഗങ്ങള്‍ കുറെ കയ്യേറ്റം ചെയ്യുമായിരുന്നു. ഡയസില്‍ കയറിയ എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സ്പീക്കറാണ്. ജി കാര്‍ത്തികേയന്റെ റൂളുംഗിന് എതിരായി സഭയില്‍ ഇടപെട്ടതിന്റെ പേരില്‍ ജെയിംസ് മാത്യുവിനേയും ടിവി രാജേഷിനേയും സസ്‌പെന്‍ഡ് ചെയ്ത കീഴ് വഴക്കമുണ്ട്.
സ്പീക്കറുടെ തീരുമാനം അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കാം. എഡിജിപിയെ മാറ്റിയതില്‍ നടപടിയെക്കുറിച്ച് പരാമര്‍ശമില്ലാത്തത് അന്വേഷണ റിപ്പോര്‍ട്ടില്‍ പരിശോധന പൂര്‍ത്തിയായി കാണാത്തതിനാലായിരിക്കാമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട വിവാദം പരിശോധനയിലാണ്. അതില്‍ ആരോപണ വിധേയനാണല്ലോ എഡിജിപി. ത്രിതല അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടില്ല.
പൂരംകലക്കി എന്ന് പറയാനാകുമോയെന്നും പൂരം വെടിക്കെട്ടാണ് അലങ്കോലമായതെന്നും പ്രശ്‌നം ഗൗരവത്തിലെടുത്ത് പരിശോധന നടത്തുന്നുണ്ടെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. നടപടി ആവശ്യമെന്ന് കണ്ടാല്‍ ഇനിയും വരാം. തൃശ്ശൂര്‍ പൂര വിവാദത്തില്‍ റിപ്പോര്‍ട്ട് ഇനിയും വരാനുണ്ടെന്നും തിരക്ക് കൂട്ടേണ്ടെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.