നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പരാജയപ്പെട്ടതായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ

നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പരാജയപ്പെട്ടതായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടേത് ആശയമാണെന്നും എന്നാലത് പരാജയപ്പെട്ടെന്നും രാഹുൽ ആരോപിച്ചു. രാഷ്ട്രപതിയുടെ അഭിസംബോധനയിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ക്ക് തൊഴിലില്ലായ്മ പരിഹരിക്കാനായില്ല. ഉല്‍പാദന മേഖലയെ നേരായി നയിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ച ശേഷം ഉല്‍പാദനം കുറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ കുറ്റം പറയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. പദ്ധതിയുടെ പരാജയമാണ് ചൈനീസ് കടന്നു കയറ്റത്തിന് കാരണമെന്നും രാഹുൽ ആരോപിച്ചു. ചൈന ഇന്ത്യയുടെ 4000 കിലോമീറ്റർ ഭൂമി കടന്നു കയറിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച പ്രധാനമന്ത്രിയെ ഇന്ത്യൻ സേന തള്ളി എന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ കുറ്റപ്പെടുത്തി.

കേന്ദ്ര ബജറ്റില്‍ പുതുതലമുറയ്ക്ക് പ്രചോദനം നല്‍കുന്ന ഒന്നുമില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്ന ഭൂരിഭാഗം കാര്യങ്ങളും ആവർത്തനമാണ്. സാങ്കേതികരംഗത്ത് വിപ്ലവമെന്നത് അവകാശവാദം മാത്രമാണെന്നും മേക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചശേഷം ഉത്പാദനം കുറഞ്ഞെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ രാജ്യത്തിന് കഴിഞ്ഞില്ല. യുപിഎ സര്‍ക്കാരിനോ എന്‍ഡിഎ സര്‍ക്കാരിനോ തൊഴിലില്ലായ്മ പരിഹരിക്കാനായില്ല. ഉല്‍പാദനമേഖലയെ നേരായി നയിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. ഒരു കാലത്ത് കമ്പ്യൂട്ടറിനെ പരിഹസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ചൈന ഇന്ത്യയേക്കാള്‍ പത്ത് വര്‍ഷം മുന്നിലാണ്. ഇന്ത്യയില്‍ കടന്നുകയറാന്‍ ചൈനയ്ക്ക് ധൈര്യം നല്‍കുന്നത് അവരുടെ വ്യാവസായിക വളര്‍ച്ചയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കമ്പ്യൂട്ടര്‍ വിപ്ലവം വന്നപ്പോള്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്മെന്‍റില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും എഐയും ലോകത്തെ മാറ്റുന്നു. സാങ്കേതികവിദ്യയുടെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിച്ചു തുടങ്ങുകയാണ് വേണ്ടത്. നമ്മൾ ഒരു നിർമ്മാണ ശൃംഖലക്ക് തുടക്കം കുറിക്കണം. ചൈന ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് മുന്നിലാണെന്നും രാഹുൽഗാന്ധി പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് ബിജെപി തിരിച്ചടിച്ചു. രാജ്യസുരക്ഷയെക്കുറിച്ച് രാഹുല്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും വിവരങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്ന് വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. ലോക്സഭാ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗത്തിനിടെ പ്രസംഗം തടസപ്പെടുത്തി കൊണ്ടായിരുന്നു പാർലമെന്ററി കാര്യമന്ത്രിയുടെ ചോദ്യം.

അതേസമയം തന്റെ വാക്കുക്കൾ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ പറയാമെന്നു രാഹുൽ കേന്ദ്രമന്ത്രിക്ക് മറുപടി നൽകി. ചൈന എന്തുകൊണ്ട് നമ്മുടെ അതിർത്തിക്കുള്ളിൽ വന്നു എന്നതാണ് പ്രധാനമെന്ന് രാഹുൽ വ്യക്തമാക്കി. അമേരിക്കക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത് ചെയ്യാൻ ഇന്ത്യയ്ക്കാകും. അമേരിക്കയുടെ നിർമാണ ചിലവ് നമ്മുടേതിൽ നിന്നും വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെലങ്കാനയിലെ ജാതി സെൻസസ് പരാമർശിച്ച് രാഹുൽ ഗാന്ധി. തെലങ്കാനയിലെ 90 ശതമാനവും ദളിതും ആദിവാസിയും പിന്നോക്കവിഭാഗവും, ന്യൂന പക്ഷവുമാണ്. രാജ്യത്തെ ഒബിസി വിഭാഗം 50 ശതമാനത്തിന് മുകളിൽ ആണ്. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നും തലപ്പത്ത് പിന്നാക്കക്കാരില്ലെന്നും വികസനം പിന്നാക്ക വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയാകണമെന്നും  രാഹുല്‍ പറഞ്ഞു. മോദിയെ പുകഴ്ത്തുന്ന മാധ്യമങ്ങളുടെ തലപ്പത്തും മുന്നോക്കക്കാരാണ്. ഭരണപക്ഷത്ത് ഒബിസി എം.പിമാരുണ്ട്. ബിജെപിയിലെ ഒബിസി എംപിമാർക്ക് വാ തുറക്കാൻ പോലും കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *