തിരുവനന്തപുരം: എക്സാലോജികിനെതിരായ ആർഒസി റിപ്പോർട്ട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐയോ ഇഡിയോ കേസ് അന്വേഷിക്കണമെന്നും കോർപ്പറേറ്റ് മന്ത്രാലയം അന്വേഷിച്ചിട്ട് കാര്യമില്ലെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതിയുടെ നേതൃത്വത്തിൽ വേണം അന്വേഷണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ രേഖകളിൽ കൃത്രിമം കാണിച്ചതായി രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ കണ്ടെത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എക്സാലോജിക് കമ്പനി മരവിപ്പിക്കാനായി നൽകിയ സത്യാവാങ്‌മൂലത്തിലും അപേക്ഷയിലും തെറ്റായ വിവരങ്ങളാണ് ഉള്ളതെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സതീശന്റെ പ്രതികരണം.എക്‌സാലോജികിന്റെ വാദം ശരിവയ്ക്കുന്ന ഒരു രേഖയും നൽകിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ കോർപ്പറേറ്റ് മന്ത്രാലയം അന്വേഷിച്ചിട്ട് കാര്യമില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിൽ അവിഹിതബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, എക്സാലോജിക് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പിന്തുണയുമായി സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ രംഗത്തെത്തി. കൊടുക്കേണ്ട രേഖകളെല്ലാം സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഒരു അഴിമതിയും നടന്നിട്ടില്ല. മുഖ്യമന്ത്രിക്കോ വീണക്കോ ഹൈക്കോടതി നോട്ടീസയച്ചിട്ടില്ലെന്നും ബാലൻ വ്യക്തമാക്കി. വിഷയം ഹൈക്കോടതി പരിശോധിക്കട്ടെ. ആവശ്യമെങ്കിൽ കൂടുതൽ രേഖകൾ നൽകും. എക്സാലോജിക് സേവനം നൽകിയോ എന്ന് അന്വേഷിക്കാൻ ആർ ഒ സിക്ക് അധികാരമില്ലെന്നും ബാലൻ പറഞ്ഞു. മാസപ്പടി കേസ് വിജിലൻസ് കോടതി തള്ളിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.