ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ അത് മറയ്ക്കാന്‍ നടത്തുന്ന അശ്ലീല നാടകമാണ് നവകേരള സദസ്സെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കോട്ടയം:ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ അത് മറയ്ക്കാന്‍ നടത്തുന്ന അശ്ലീല നാടകമാണ് നവകേരള സദസ്സെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.ജനങ്ങളോട് സര്‍ക്കാര്‍ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസ്സില്‍ നടക്കുന്നത്. അഞ്ച് മാസം മുമ്പ് മന്ത്രിമാര്‍ നടത്തിയ താലൂക്ക് തല അദാലത്തില്‍ നല്‍കിയ പരാതികള്‍ പോലും പരിഹരിക്കപ്പെട്ടില്ല. ജനങ്ങളുടെ ചെലവില്‍ നടക്കുന്ന നാടകമാണിത്. എന്തു പ്രയോജനമാണ് ഇതു കൊണ്ട് ഉണ്ടാകുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു. 9 ലക്ഷം പേര്‍ ലൈഫില്‍ വീടിന് കാത്തിരിക്കുകയാണ്. സപ്ലൈക്കോ പൂട്ടാറായി. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പോലും പണം നല്‍കാത്ത സര്‍ക്കാര്‍ കെട്ടുകാഴ്ച നടത്തുകയാണ്. ഡിസംബര്‍ രണ്ടു മുതല്‍ 22 വരെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് വിചാരണ സദസ്സം ഘടിപ്പിക്കും.

ഭയപ്പെടുത്തി കൊണ്ടുവരുന്ന ആളുകളല്ലാതെ ആരും സര്‍ക്കാരിന്റെ കെട്ടുകാഴ്ച കാണാന്‍ പോകുന്നില്ല. സംഘാടനം സി പി എമ്മും ചെലവ് നാട്ടുകാരുമാണ് വഹിക്കുന്നത്. യുഡിഎഫിലെ ഒരാളും ഇതിന്റെ ഭാഗമാവില്ല. എന്‍ എ നെല്ലിക്കുന്ന് നവകേരള സദസിനെ പരിഹസിച്ചതാണ്. സി പി എമ്മും ബിജെപിയും യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് എന്നു പറഞ്ഞ് ഇറങ്ങിയിരിക്കുകയാണിപ്പോള്‍. എന്തെങ്കിലും പുഴുക്കുത്ത് ഉണ്ടെങ്കില്‍ പുറത്തു വരട്ടെ. ഏത് അന്വേഷണവും നടക്കട്ടെ. കേരള ബാങ്കിലെ ലീഗ് പ്രാതിനിത്യം യുഡിഎഫ് ചര്‍ച്ച ചെയ്യും. റോബിന്‍ ബസിന് ബാധകമാവുന്ന നിയമം മുഖ്യമന്ത്രിയുടെ വാഹനത്തിന് ഇല്ലേയെന്നും വിഡി സതീശന്‍ ചോദിച്ചു.റോബിന്‍ ബസ് നിയമ ലംഘനം നടത്തിയെങ്കില്‍ അതിന് ആനുപാതികമായ നിയമ നടപടി വേണം. ഇത് പിന്നാലെ നടന്ന് വേട്ടയാടുകയാണ്.രാജാവിന് ഒരു നിയമവും പ്രജകള്‍ക്ക് മറ്റൊരു നിയമവും എന്ന രീതി പാടില്ല.സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി തര്‍ക്കമെന്ന നാടകം എപ്പോഴും വരുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *