ദില്ലി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ മാറ്റുന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. ഇക്കാര്യത്തില്‍ തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നെടുക്കുമെന്നാണ് നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ഇന്നലെ ദില്ലിയിലെത്തിയ സുധാകരനുമായി നേതാക്കള്‍ 45 മിനിറ്റോളം ചര്‍ച്ച നടത്തിയെങ്കിലും നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പരിഗണനയ്ക്ക് വന്നില്ല. നേതാക്കള്‍ സുധാകരനെ കണ്ടത് പാര്‍ട്ടിയില്‍ നിന്ന് പരാതികള്‍ വന്ന കൂടി സാഹചര്യത്തിലെന്നാണ് ഇപ്പോള്‍ നേതൃത്വം പറയുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ നില പരുങ്ങലിലെന്ന് പലരും രാഹുല്‍ ഗാന്ധിയെ പരാതി അറിയിച്ചിരുന്നു. ഇന്നലത്തെ കൂടിക്കാഴ്ചയില്‍ സംതൃപ്തനെന്ന് കെ സുധാകരന് അടുത്ത അനുയായികളോട് പറഞ്ഞു.
രാജ്യത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് നേതൃത്വം കേരളത്തില്‍ ഭരണം പിടിക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നേതൃത്വത്തില്‍ പുതിയൊരു നിരയെ എത്തിക്കാനായിരുന്നു ആലോചന. പത്തനംതിട്ട എംപി ആന്റോ ആന്റണി, അല്ലെങ്കില്‍ സണ്ണി ജോസഫ് എന്നിവരെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് എത്തിക്കാനായിരുന്നു ആലോചന നടന്നത്. എന്നാല്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ വിഷയം ചര്‍ച്ചയ്ക്ക് വരാതിരുന്നതോടെ നീക്കം തുടക്കത്തിലേ പാളിയോ എന്ന ചോദ്യമാണ് ഉയരുന്നത്.