പ്രതിപക്ഷ പ്രതിഷേധത്തില്‍ സ്തംഭിച്ച് നിയമസഭ; സഭ ഇന്നത്തേക്ക് പിരിഞ്ഞു.

തിരുവനന്തപുരം : നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ നടപടികള്‍ പുനരാരംഭിച്ചപ്പോഴും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. തുടര്‍ന്ന് ‘രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്ന ബാനര്‍ പിടിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭാ മന്ദിരം വിട്ട് പുറത്തേക്ക് വന്നു.
സ്പീക്കളുടെ ഡയസിന് അരികിലെത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് അടിയന്തര പ്രമേയ നോട്ടിസ് പരിഗണിച്ചിരുന്നില്ല. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സഭ പിരിയുകയായിരുന്നു. ഇന്ന് യുഡിഎഫിന്റെ യുവ എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത് കറുപ്പണിഞ്ഞാണ്.

കറുത്ത ഷര്‍ട്ടും മാസ്‌കും ധരിച്ചാണ് ഷാഫി പറമ്പില്‍ ഉള്‍പ്പടെയുള്ള യുവ എം.എല്‍.എമാര്‍ എത്തിയത്. മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ മുതല്‍ എസ്എഫ്ഐ ആക്രമണം വരെയുള്ള നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കാനിരിക്കേയാണ് സഭാ നടപടികള്‍ നിര്‍ത്തിയത്.

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയില്‍ ഉന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ധിഖാക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കാനിരുന്നത്. ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചതോടെ സഭ നിര്‍ത്തിവച്ചു. പിന്നീട് സഭ പുനരാരംഭിച്ചുവെങ്കിലും പ്രതിഷേധം തുടര്‍ന്നതോടെ സഭ പിരിഞ്ഞു.

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *