ലയണല്‍ മെസി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും

മൂന്ന് ദിവസത്തെ ‘ഗോട്ട് ടൂര്‍’ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഗോട്ട് ടൂറിന്റെ അവസാന ദിവസമാണ് നാളെ.

രാവിലെ 10.45നാണ് മെസി ഡല്‍ഹിയിലെത്തുക. നഗരത്തിലെ ഹോട്ടലില്‍ നടക്കുന്ന മീറ്റ് ഗ്രീറ്റ് സെഷന് ശേഷം അദ്ദേഹം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പോകും. ഇവിടെ 20 മിനിറ്റോളം ചിലവഴിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ അര്‍ജന്റീന അംബാസിഡര്‍, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി എന്നിവരെയും മെസി കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വൈകിട്ട് 3.30നാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ പരിപാടി. അതിനു ശേഷം അദ്ദേഹം ഇന്ത്യയില്‍ നിന്ന് മടങ്ങും.

ഇന്ന് മുംബൈയിലെ പര്യടനം അക്ഷരാര്‍ധത്തില്‍ ആരാധകരെ ഇളക്കി മറിച്ചു. വാങ്കഡെ സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്കൊപ്പം പന്ത് തട്ടിയും ഷൂട്ടൗട്ടില്‍ പങ്കെടുത്തും മെസ്സി ആവേശ തിരമാല തീര്‍ത്തു. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറും മെസിക്കൊപ്പം വേദിയില്‍ എത്തി.

പ്രൊജക്റ്റ് മഹാദേവ എന്ന പേരില്‍ കുട്ടി ഫുട്‌ബോളര്‍മാര്‍ക്കുള്ള സഹായ പദ്ധതിയുടെ പ്രചാരണ പരിപാടി കൂടിയാണ് വാങ്കടെയില്‍ നടന്നത്. മൂന്നുമണിയോടെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ മറ്റൊരു പരിപാടിയിലും മെസി പങ്കെടുത്തിരുന്നു. നാളെ ദില്ലി സന്ദര്‍ശനത്തോടെ ഇന്ത്യയിലെ പര്യടനം അവസാനിക്കും.