കോഴിക്കോട്: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടി സീറ്റ് ചോദിക്കാനുറച്ച് മുസ്ലിം ലീഗ്. യു.ഡി.എഫില്‍ മുസ്ലിം ലീഗിനു നിലവില്‍ രണ്ട് ലോക്സഭാ സീറ്റാണുള്ളത്. ഇത്തവണ ജയസാധ്യതയുള്ള നാല് സീറ്റ് വേണമെന്നാണു ലീഗ് നേതൃത്വത്തിന്റെ ആവശ്യം.
എല്‍.ഡി.എഫിന്റെ ഭാഗമാകണമെന്നു വാദിക്കുന്ന വലിയൊരുവിഭാഗം നേതാക്കള്‍ ഇപ്പോള്‍ തന്നെ ലീഗിലുണ്ട്. വിവിധ ജില്ലാ കമ്മിറ്റികളും മുമ്പ് ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 സീറ്റുകളില്‍ 19 എണ്ണവും യു.ഡി.എഫ്. സ്വന്തമാക്കിയ രാഷ്ട്രീയസാഹചര്യം ഇപ്പോഴില്ലെന്നും ലീഗ് വിലയിരുത്തുന്നുണ്ട്.
അതുകൊണ്ട് തന്നെയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ വേണമെന്ന ആവശ്യം ഉയര്‍ത്തുന്നത്. തുടര്‍ച്ചയായി രണ്ട് നിയമസഭാതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ്. തോറ്റെങ്കിലും ലീഗിന്റെ സ്വാധീനശക്തി സംസ്ഥാനതലത്തില്‍ വര്‍ധിച്ചതായി നേതൃത്വം വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കൂടുതല്‍ സീറ്റുകള്‍ക്കായി വിലപേശാനുള്ള നീക്കം. നാല് സീറ്റിനായി സമ്മര്‍ദം ചെലുത്തി, മൂന്നെണ്ണമെങ്കിലും നേടുകയെന്നതാണു തന്ത്രം.
നിലവില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളാണു യു.ഡി.എഫില്‍ ലീഗിന്റെ അക്കൗണ്ടിലുള്ളത്. ഇവയ്ക്കു പുറമേ വയനാടും മറ്റൊരു മണ്ഡലവും ചോദിക്കാനാണു നീക്കം.വയനാട്ടില്‍ രാഹുല്‍ ഗാന്ധിതന്നെ വീണ്ടും മത്സരിക്കുന്ന സാഹചര്യമുണ്ടായാലേ മറ്റൊരു മണ്ഡലം ചോദിക്കൂ. അധികമായി ലഭിക്കുന്ന സീറ്റുകളില്‍ യുവസ്ഥാനാര്‍ഥികളെ പരിഗണിക്കും. നിലവിലെ പൊന്നാനിയെ പ്രതിനിധീകരിക്കുന്ന ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്തേക്കു മാറാനും മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന അബ്ദുസമദ് സമദാനിയെ മാറ്റി മറ്റൊരാളെ പരിഗണിക്കാനുമാണു നീക്കം.
മുതിര്‍ന്നനേതാവെന്ന നിലയില്‍ ഇ.ടിക്ക് തവണ നിബന്ധനയില്‍ ഇളവുനല്‍കും.തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു ലീഗ് പ്രതിനിധിയായി നവാസ് ഗനി ലോക്സഭയിലുണ്ട്. മുസ്ലിം സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കോണ്‍ഗ്രസിനു സാധിക്കില്ലെന്ന നിലപാട് സമസ്തയ്ക്കുമുണ്ട്.കോണ്‍ഗ്രസിനേക്കാള്‍ ഇക്കാര്യത്തില്‍ സി.പി.എമ്മിനെയാണു സമസ്തയ്ക്കു വിശ്വാസം. അതിനാല്‍ അധിക സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണിമാറ്റം ചര്‍ച്ചചെയ്യുമെന്നു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന ലീഗ് നേതാവ് പറഞ്ഞു.