ലോകായുക്ത ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു ; നിയമ മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്

തിരുവനന്തപുരം: പ്രതിപക്ഷ എതിർപ്പിനിടെ ലോകായുക്ത ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. നിയമ മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനം മാത്രമാണെന്നും പി രാജീവ് പറഞ്ഞു. എന്നാൽ ബിൽ അവതരിപ്പിക്കുന്നതിനെതിരെ ശക്തമായ എതിർപ്പാണ് പ്രതിപക്ഷം രേഖപ്പെടുത്തിയത്. പല്ലും നഖവുമുള്ള നിയമമാണ് നിലവിൽ കേരളത്തിലെ ലോകായുക്ത നിയമമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. 22 വർഷത്തിന് ശേഷം അത് പറിച്ചെടുക്കാൻ സർക്കാർ ശ്രമിക്കരുത്. സിപിഐ ഇതിന് വഴങ്ങരുതായിരുന്നെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ജുഡീഷ്യൽ സംവിധാനത്തിന്‍റെ അധികാരം എക്സ് സിക്യൂട്ടീവ് കവരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. ഒരാൾ അയാൾക്കെതിരായ കേസിൽ വിധി നിർണ്ണയിക്കാനാവില്ലെന്ന് ഭരണഘടന പറയുന്നു.
അതിന്‍റെ ലംഘനമാണ് ദേദഗതി. ലോക്പാൽ നിയമത്തിന് വിരുദ്ധമായത് ഭേദഗതിയുണ്ട്. നിയമ ഭേദഗതിയിലെ ഭരണഘടനാവിരുദ്ധ ഭാഗങ്ങൾ പ്രതിപക്ഷ നേതാവ് സഭയിൽ ഉദ്ധരിച്ചു. പുതിയ ഭേദഗതിയോടെ
പൊതുപ്രവർത്തകർക്കെതിരായ കേസുകളൊന്നും നിലനിൽക്കില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന അഴിമതി നിരോധന നിയമം ഇല്ലാതാക്കുന്നുവെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ഭേദഗതിയിൽ ഭരണഘടനാ വിരുദ്ധതയും നിയമവിരുദ്ധതയും ഉണ്ട്. സർക്കാർ ഇതിന് മുതിരരുതെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യല്‍ സംവിധാനമാണ് ലോകായുക്ത എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ വിധിയും പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്തതാണ്. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ ശിക്ഷ വിധിക്കുന്നത് നിയമപരമല്ല. പൊലീസ് അന്വേഷിച്ച് അവര്‍ തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങനെ ശരിയാകുമെന്നും ഇത് ഭരണഘടനയുമായി ചേര്‍ന്ന് നില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
ബില്ലിന് സ്പീക്കര്‍ അവതരണ അനുമതി നല്‍കരുതെന്നും മുസ്ലിം ലീഗ് നേതാവ് എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.
എന്നാല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഷെല്‍ഫില്‍ വക്കാന്‍ ആണെങ്കില്‍ ലോകായുക്ത എന്തിനെന്ന് മന്ത്രി പി രാജീവ് ചോദിച്ചു. ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ല.
നിലവിലുള്ള നിയമത്തില്‍ അത് പറയുന്നില്ല. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ ശിക്ഷ വിധിക്കുന്നത് നിയമപരമല്ല. പോലീസ് അന്വേഷിച്ച് അവര്‍ തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങനെ ശരിയാകും. ഇത് ലോകത്ത് ഒരിടത്തും ഇല്ലാത്ത സംവിധാനമാണെന്നും മന്ത്രി പറഞ്ഞു.