ആലപ്പുഴ: നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഎം നേതാവും മുന്‍ എം.എല്‍.എയുമായ എം. സ്വരാജ് രംഗത്ത്.
എം. വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ആലപ്പുഴയില്‍ എത്തിയപ്പോഴാണ് എം സ്വരാജ് ആഞ്ഞടിച്ചത്. എത്ര മികച്ച നടനെയും കോമാളിയാക്കാന്‍ ആര്‍ എസ് എസിന് കഴിയുമെന്നും എന്നാലിന്ന് സുരേഷ് ഗോപിയുടെ പേര് പറയുമ്പോള്‍ തന്നെ ചിരി വരുമെന്നുമാണ് സ്വരാജ് പരിഹസിച്ചത്.
അഞ്ച് കൊല്ലം മുമ്പ് തൃശൂര്‍ എടുക്കുമെന്ന് അയാള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പറയുന്നത് തൃശൂര്‍ മാത്രമല്ല കണ്ണൂരും എടുക്കും എന്നാണ്.
എന്നാല്‍ തങ്ങളാണ് പറയുന്നതെങ്കില്‍ അതിന്റെ ഫലം എന്തായിരിക്കും എന്നും എല്ലാവര്‍ക്കും വ്യക്തമായി അറിയാമല്ലോ?. കേരളത്തില്‍ ബി ജെപിക്ക് 35 സീറ്റ് കിട്ടുമെന്നും ഭരണം പിടിക്കുമെന്നും ബിജെപി പറഞ്ഞപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞ മറുപടി ഓര്‍മയില്ലേ ?. അക്കൗണ്ട് പൂട്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു, അത് പൂട്ടിച്ചില്ലേ ? – എം.സ്വരാജ് ചോദിച്ചു.
കണ്ണൂരും തൃശൂരും മത്സരിക്കുമെന്നാണ് ഇപ്പോള്‍ സുരേഷ് ഗോപി പറയുന്നത്. പണ്ട് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റും രണ്ടിടത്ത് മത്സരിച്ചിരുന്നു. എന്നാല്‍ പിന്നീട് കേട്ടത് രണ്ടിടത്തുമായി കോടിക്കണക്കിന് രൂപ ഹെലികോപ്ടറില്‍ ഇറക്കി കൊടുത്തെന്നാണ്. സുരേഷ് ഗോപിക്കും അങ്ങനെ വല്ല ഉദ്ദേശവും കാണുമായിരിക്കുമെന്നും എം.സ്വരാജ് പറഞ്ഞു.
അമിത്ഷായുടെ കേരളസന്ദര്‍ശനവേളയില്‍ തൃശ്ശൂരില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മാസ് ഡയലോഗുകള്‍കൊണ്ട് ആവേശത്തിരയിളക്കിയ സുരേഷ്‌ഗോപിയുടെ പ്രസംഗം സോഷ്യല്‍മീഡിയായില്‍ വൈറാലായിരുന്നു. സിപിഎമ്മിനുവേണ്ടി കൂലി എഴുത്തു നടത്തുന്നവരെ ചൊറിയന്‍ മാക്രിക്കൂട്ടങ്ങള്‍ എന്നായിരുന്നു സുരേഷ്‌ഗോപി പരിഹസിച്ചത്. കേരളത്തിലും ഭരണംപിടിക്കുമെന്ന് നരേന്ദ്രമോഡി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു നടന്നിരിക്കുമെന്ന് ”ഗോവിന്ദാ…” എന്നു വിളിച്ചുകൊണ്ട്, സുരേഷ്‌ഗോപി നടത്തിയ പ്രസംഗം ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.