തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉപയോഗിച്ചിരുന്ന ബെന്‍സ് കാര്‍ പ്രമുഖ വ്യവസായി എംഎ യൂസഫലിക്ക് ലഭിച്ചു. ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയുടെ അനുജനായിരുന്ന ഉത്രാടം തിരുനാള്‍ ദീര്‍ഘകാലം ഉപയോഗിച്ചിരുന്ന കാന്‍ 42 എന്ന ബെന്‍സ് കാറാണ് യൂസഫലിക്ക് സമ്മാനിക്കുന്നത്. വലിയ വില നല്കി രാജകീയ പ്രൗഡിയുളള കാര്‍ സ്വന്തമാക്കാന്‍ പല പ്രമുഖരും ഉത്രാടം തിരുനാളിനെ സമീപിച്ചിട്ടും നല്‍കാത്ത കാര്‍ ആണ് യൂസഫലിക്ക് ലഭിക്കുന്നത്.
2012 ല്‍ ആത്മ സുഹൃത്തായ യൂസഫലി കവടിയാര്‍ കൊട്ടാരത്തിലെത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ യൂസഫലിയെ അറിയിച്ചു. അദ്ദേഹത്തിന്റെ മരണ ശേഷം കാര്‍ നിലവില്‍ മകന് പത്മനാഭ വര്‍മ്മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്.1950 കളിലാണ് 1955 മോഡല്‍ മെഴ്സിഡസ് ബെന്‍സ് 180 ടി എന്ന കാര്‍ വാങ്ങുന്നത്. 12000 രൂപയായിരുന്നു അന്നത്തെ വില. വാഹനപ്രേമിയായ ഉത്രാടം തിരുനാളിന്റെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട ബെന്‍സായിരുന്നു 85ാം വയസ്സിലും ഉത്രാടം തിരുനാള്‍ ഈ കാര്‍ ഓടിച്ചിരുന്നു. കാര്‍ സ്വന്തമാക്കാന്‍ ബെന്‍സ് കമ്പനി വരെ അദ്ദേഹത്തെ സമീപിച്ചിരുന്നു. പകരം പുതിയ രണ്ട് ബെന്‍സ് കാര്‍ തരാമെന്ന് പറഞ്ഞിട്ടും കൊടുക്കാതെ വച്ചിരുന്ന കാറാണ് ഇപ്പോള്‍ യൂസഫലിക്ക് ലഭിക്കുന്നത്.