മഅദനിക്ക് കേരളത്തിലേക്കു വരാം; അനുമതി നല്‍കി സുപ്രീംകോടതി

ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു സുപ്രീംകോടതി. മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ജൂലൈ 10 വരെ കേരളത്തില്‍ തങ്ങാനാണ് മഅദനിക്ക് അനുമതി ലഭിച്ചത്. കേരളത്തിലേക്ക് എത്തുന്ന മഅദനിക്ക് കര്‍ണാടക പോലീസും കേരള പോലീസും സുരക്ഷ ഒരുക്കണമെന്നും സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും സുപ്രീകോടതി നിര്‍ദേശിച്ചിട്ടുണ്ട്

കേസിന്റെ വിസ്താരം പൂര്‍ത്തിയായതിനാല്‍ കേരളത്തിലേക്ക് മടങ്ങാന്‍ അനുമതി ആവശ്യപ്പെട്ടാണ് മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയ മഅദനി ആയുര്‍വേദ ചികിത്സ ആവശ്യമാണെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം മഅദനിയുടെ ആവശ്യം കര്‍ണാടക സര്‍ക്കാരും കര്‍ണാടക ഭീകര വിരുദ്ധ സെല്ലും എതിര്‍ത്തു. ഇതുമായി ബന്ധപ്പെട്ടു പുതിയ സത്യവാങ്മൂലവും സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു.

മഅദനിക്കെതിരെ ഗുരുതര കുറ്റങ്ങളാണ് നിലനില്‍ക്കുന്നതെന്നും അഞ്ചു മാസത്തിനുള്ളില്‍ അന്തിമവിചാരണ പൂര്‍ത്തിയാകുമെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായതും മഅദനി ജാമ്യവ്യവസ്ഥകള്‍ പാലിച്ചതും മഅദനിക്കുവേണ്ടി ഹാജരായ അഭിഭാഷകരായ കപില്‍ സിബല്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വിചാരണാ കോടതി ആവശ്യപ്പെട്ടാല്‍ ബെംഗളൂരുവിലേക്ക് മടങ്ങാമെന്നും അഭിഭാഷകര്‍ അറിയിച്ചു. തുടര്‍വാദങ്ങള്‍ കേട്ട കോടതി മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *