അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നുവിടരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ആനയെ കാട്ടില്‍ തുറന്നുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയ സാഹചര്യത്തിലാണ് തീരുമാനം. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ആനയെ കേരളത്തിന് കൈമാറണമെന്നും ഹര്‍ജിയില്‍ പറയുന്നതായാണ് സൂചന. ഹര്‍ജി നാളെ രാവിലെ 10.30ന് മധുര ബെഞ്ച് പരിഗണിക്കും. അതുവരെ വനംവകുപ്പിന്റെ കസ്റ്റഡിയിലായിരിക്കും ആന.
കമ്പത്തിന് സമീപം പൂശാനംപെട്ടിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ പിടികൂടിയത്. പൂശാനംപെട്ടിക്കു സമീപം കാടുവിട്ട് ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. രണ്ട് ഡോസ് മയക്കുവെടി വച്ചതിനുശേഷം എലിഫെന്റ് ആംബുലന്‍സില്‍ കയറ്റിയാണ് കൊണ്ടുപോയത്.
മയങ്ങിയിരുന്ന ആന യാത്ര പുറപ്പെട്ടതോടെ മയക്കംവിട്ട നിലയിലാണ്. വാഹനത്തിന്റെ ഇരുവശങ്ങളിലേക്കും തുമ്പിക്കൈ നീട്ടുകയും ചെയ്തു. ആനയുടെ തുമ്പിക്കൈയില്‍ മുന്‍പ് കണ്ട മുറിവ് ഇപ്പോഴും ഭേദമാകാത്ത നിലയിലാണ്. ലോറിയില്‍വച്ചുതന്നെ ആനയ്ക്ക് വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കുമെന്നാണ് സൂചന.