അജിത് പവാറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്

മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകര്‍ന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. അപകടസ്ഥലത്തെ അവശിഷ്ടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം ഡിജിസിഎയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അപകടസ്ഥലത്തെ പരിശോധനകള്‍ക്ക് ഡിജിസിഎ നേതൃത്വം നല്‍കുകയാണ്. പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ പരിശോധിക്കും. എയര്‍ ട്രാഫിക് കണ്‍ട്രോളുമായി (ATC) നടത്തിയ ആശയവിനിമയങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും.
അതേസമയം, അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയെങ്കിലും വിമാനം പൂര്‍ണമായും കത്തി നശിച്ച നിലയിലായിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കിയ ഈ ദുരന്തത്തില്‍ അജിത് പവാറിനൊപ്പം അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മറ്റ് നാലുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. അജിത് പവാര്‍ അടക്കം ഇവരില്‍ രണ്ട് പേര്‍ പൈലറ്റുമാരും രണ്ട് പേര്‍ യാത്രക്കാരുമായിരുന്നു.