മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം,​ ‘വിബി ജി റാം ജി’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി : മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ‘ വിബി ജി റാം ജി ‘ ബില്ലിൽ (തൊഴിലുറപ്പ് ഭേദഗതി ബിൽ)​ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പിട്ടു. ലോക്സഭയിലും രാജ്യസഭയിലും പാസായതിന് പിന്നാലെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

വികസിത് ഭാരത് ഗ്യാരന്റി ഫോ‍ർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ ബിൽ മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. പുതിയ ബില്ലിൽ ഗ്രാമീണരായ കുടുംബങ്ങൾക്കുള്ള തൊഴിൽദിനങ്ങൾ 100ൽ നിന്ന് 125 ദിവസമായി ഉയർത്തിയിട്ടുണ്ട്. ഇത് വരുമാന സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. അതേസമയം തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് നീക്കിയതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിലാണ്. പുതിയ ബിൽ സംസ്ഥാനങ്ങൾക്ക് അധിക ബാദ്ധ്യത വരുത്തുന്നതാണെന്നും വിമർശനമുണ്ട്.

അതിനിടെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരളത്തിൽ നാളെ എല്ലാ ജില്ലകളിലെയും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് എൽ.ഡി.എഫ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ആവശ്യാനുസരണം ഫണ്ട് അനുവദിക്കുകയെന്ന ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രത്തെ നിയമപരമായി ഒഴിവാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.

പദ്ധതിയുടെ പേരുമാറ്റം മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്നതിന് തുല്യമാണ്. ബില്ല് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ഡിസംബർ 22 ന് ഇടതുപക്ഷ പാർട്ടികൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ആവശ്യത്തിന് ഫണ്ടുകൾ അനുവദിച്ചും 200 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തിയും സാർവത്രികമാക്കിയും തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും എൽ.‌ഡി.എഫ് പ്രസ്താവനയിൽ വ്യക്തമാക്കി.