ഒറ്റപ്പാലത്ത് എൻഡിഎ സ്ഥാനാർഥിയാകാൻ മേജർ രവി?

ഒറ്റപ്പാലം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തു സിനിമ സംവിധായകൻ മേജർ രവി എൻഡിഎ സ്ഥാനാർഥിയായേക്കും. ഇതു സംബന്ധിച്ച് ഏകദേശ ധാരണയായതിനു പിന്നാലെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മേജർ രവി സന്ദർശനം തുടങ്ങി. ഒറ്റപ്പാലത്തെ ബിജെപി വെസ്റ്റ് ജില്ലാ ആസ്ഥാനത്തും കഴിഞ്ഞ ദിവസം മേജർ രവി എത്തിയിരുന്നു. ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലൻ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. എൻഡിഎ മികച്ച പരിഗണന നൽകുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ഒറ്റപ്പാലം.
കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും കാൽ ലക്ഷത്തിലേറെ വോട്ട് നേടാനായതാണ് എൻഡിഎ ക്യാംപിന്റെ ആത്മവിശ്വാസം. കഴിഞ്ഞ 3 തവണയും ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷൻ പി.വേണുഗോപാലനായിരുന്നു എൻഡിഎ സ്ഥാനാർഥി. സിനിമാരംഗത്തെ താരമൂല്യം ഉൾപ്പെടെ നേട്ടമാകുമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. അതേസമയം, സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ നിർവഹിക്കുമെന്നും വെസ്റ്റ് ജില്ലാ അധ്യക്ഷൻ പി.വേണുഗോപാലൻ അറിയിച്ചു. പാലക്കാട് ജില്ലാ മുൻ പ്രസിഡന്റ് കെ.എം.ഹരിദാസ്, ശങ്കു ടി.ദാസ്, മധ്യമേഖല ജനറൽ സെക്രട്ടറി ടി.ശങ്കരൻകുട്ടി എന്നിവരാണു സാധ്യതാ പട്ടികയിലുള്ള മറ്റുള്ളവർ.