തിരുവനന്തപുരം : ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ കേരളത്തിലേക്ക് എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോര്‍ക്ക) ചുമതലപ്പെടുത്തുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പുനര്‍നിയമനം
പൊതുവിദ്യാഭ്യാസ വകുപ്പില്‍ സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജൂനിയര്‍ ഇംഗ്ലീഷ് തസ്തികയില്‍ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു. 1.6.2023 മുതല്‍ 2025 മെയ് 31 വരെ 68 സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് തുടരുന്നതിന് അനുമതി നല്‍കിയത്.
കാലാവധി ദീര്‍ഘിപ്പിച്ചു
കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി 28.4.2023 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാനായ ജസ്റ്റിസ് പി.എസ് ഗോപിനാഥിന് കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ പൂര്‍ണ്ണ അധിക ചുമതല നല്‍കും.
തസ്തിക സൃഷ്ടിച്ചു
കടവത്തൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എച്ച്.എസ്.എസ്.ടി (അറബിക്) തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഭേദഗതി ബില്ലിന് അംഗീകാരം
2023ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) കരട് ഭേദഗതി ബില്‍ അംഗീകരിച്ചു.