മലയിന്‍കീഴ് വനിതാ ഡോക്ടറെ പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ രേഖ ചമച്ചതിന് ഇന്‍സ്പെക്ടര്‍ക്കെതിരെ കേസെടുത്തു

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ വ്യാജ രേഖ ചമച്ചെന്ന പരാതിയില്‍ മലയന്‍കീഴ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരുന്ന എ വി സൈജു, റൈറ്റര്‍ പ്രദീപ് എന്നിവരെ പ്രതിചേര്‍ത്ത് മലയന്‍കീഴ് പൊലീസ് കേസെടുത്തത്. വനിതാ ഡോക്ടര്‍ പണം ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള രേഖയാണ് മലയിന്‍കീഴ് സ്റ്റേഷനിലെ റൈറ്റര്‍ പ്രദീപുമായി ചേര്‍ന്ന് സൈജു ഉണ്ടാക്കിയതെന്നാണ് പരാതി.
2019ല്‍ മലയിന്‍കീഴ് സ്റ്റേഷനിലെ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരുന്ന സൈജുവിനെതിരെയാണ് വനിതാ ഡോക്ടര്‍ പരാതി നല്‍കിയത്. സൈജുവുമായി അടുപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറെ പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നുമായിരുന്നു പരാതി.
കേസ് ക്രൈംബ്രാഞ്ചിന്റെ കീഴിലാണ്. ഇതില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി സൈജു വ്യാജ രേഖകള്‍ ചമച്ചു എന്ന ആരോപണവുമായി ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഇരുവരേയും കഴിഞ്ഞ മാസം സസ്പെന്‍ഡ് ചെയ്തിരുന്നു എങ്കിലും കേസെടുത്തിരുന്നില്ല. റൂറല്‍ എസ്പിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേസ് എടുത്തത്.