മഞ്ചേശ്വരം എംഎല്‍എയ്ക്ക് 1 വര്‍ഷം തടവുശിക്ഷ; ഡപ്യൂട്ടി തഹസില്‍ദാരെ കസേരയില്‍നിന്നു തള്ളിയിട്ടു മര്‍ദിച്ചു

കാസര്‍കോട്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലുമായി ബന്ധപ്പെട്ട് വന്ന തര്‍ക്കത്തിന്റെ പേരില്‍ ഡപ്യൂട്ടി തഹസില്‍ദാരെ മര്‍ദിച്ച കേസില്‍ മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്‌റഫ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് ഒരുവര്‍ഷം തടവും 10000 രൂപ പിഴയും ശിക്ഷ. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (2) യുടേതാണ് വിധി.

2010 നവംബര്‍ 25-നാണ് പ്രശ്‌നങ്ങള്‍ നടന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടന്ന പേരു ചേര്‍ക്കലില്‍ മഞ്ചേശ്വരത്തു താമസിക്കുന്ന മുനാവുര്‍ ഇസ്മായിലിന്റെ അപേക്ഷ ഡപ്യൂട്ടി തഹസില്‍ദാര്‍ എ.ദാമോദരന്‍ നിരസിച്ചിരുന്നു. മൈസൂരുവിലെ വോട്ടര്‍പട്ടിക വിടുതല്‍ രേഖ ഇല്ലെന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്. ബന്ധപ്പെട്ട രേഖ ഹാജരാക്കിയാല്‍ പേരു ചേര്‍ക്കാന്‍ അവസരം ഉണ്ടാകുമെന്ന് അറിയിച്ച് മടക്കി അയയ്ക്കുകയായിരുന്നു.

ഈ തര്‍ക്കത്തിന്റെ പേരില്‍ ദാമോദരനെ അന്നു ജില്ലാ പഞ്ചായത്തംഗമായിരുന്ന എ.കെ.എം. അഷ്‌റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല കജ, ബഷീര്‍ കനില തുടങ്ങി 35 പേര്‍ ചുറ്റും കൂടി കസേരയില്‍നിന്നു തള്ളിയിട്ടു മര്‍ദിച്ചു. മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *