ധര്‍മസ്ഥലയിലെ കൂട്ടക്കൊല ആരോപണം; എസ്‌ഐടി സംഘത്തിന്റെ പരിശോധന ഇന്നും തുടരും

ബെംഗളൂരു: കൂട്ടക്കൊല ആരോപണം ഉയര്‍ന്ന ധര്‍മസ്ഥലയില്‍ തെളിവുകള്‍ കണ്ടെത്താനായുള്ള എസ്‌ഐടി സംഘത്തിന്റെ പരിശോധന ഇന്നും തുടരും. അടയാളപ്പെടുത്തിയ പതിമൂന്നാമത്തെ പോയന്റിലാവും അന്വേഷണ സംഘത്തിന്റെ ഇന്നത്തെ പരിശോധന. ഇന്നലെ പതിമൂന്നാമത്തെ പോയിന്റിലായിരുന്നു പരിശോധന നടത്തേണ്ടതെങ്കിലും വനത്തിനകത്താണ് അന്വേഷണ സംഘം തിരച്ചില്‍ നടത്തിയത്. ഇന്ന് നേരത്തെ അടയാളപ്പെടുത്തിയ പതിമൂന്നാമത്തെ പോയിന്റിലേക്ക് അന്വേഷണ സംഘം എത്തുമെന്നാണ് കരുതുന്നത്.
മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്ന് സാക്ഷി വെളിപ്പെടുത്തിയ പോയിന്റ് കൂടിയാണ് 13ാമത്തേത്. 30 വര്‍ഷത്തിനിടെ വലിയ അളവില്‍ മണ്ണ് ഈ പോയിന്റില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതിനാല്‍ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എത്തിച്ചായിരിക്കും ഇവിടത്തെ പരിശോധനയെന്നും സൂചനയുണ്ട്. അതേസമയം ഇന്നലെ വൈകുന്നേരം ധര്‍മ്മസ്ഥലയിലെ എസ്‌ഐടി പരിശോധന സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യൂട്യൂബേഴ്‌സിന് നേരെ ആക്രമണം ഉണ്ടായി.
കുഡ്‌ല റാംപേജ്, യുണൈറ്റഡ് ന്യൂസ്, സഞ്ചാരി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ധര്‍മസ്ഥലയിലെ വിചിത്രമായ കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള ഡി ഗാങ്ങാണ് ആക്രമത്തിന് പിന്നിലെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സ്ഥലത്ത് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇന്നത്തെ പരിശോധന കര്‍ശനമായ പൊലീസുരക്ഷയില്‍ ആയിരിക്കും. മൂന്ന് ബറ്റാലിയന്‍ പൊലീസ് സംഭവ സ്ഥലത്ത് തുടരുന്നുണ്ട്.