കോവളം ബെെപ്പാസിൽ വൻ ലഹരിവേട്ട

തിരുവനന്തപുരം: കോവളം ബെെപ്പാസിൽ വൻ ലഹരിവേട്ട. അരക്കിലോഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. സിറ്റി ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങളെന്നും പുറത്തുവിട്ടിട്ടില്ല.
അതേസമയം, കൊച്ചി എളംകുളം മെട്രൊസ്റ്റേഷന് സമീപത്തെ അപ്പാർട്ട്മെന്റിൽ 115ഗ്രാം രാസലഹരി പിടിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി ഡുൾഹക്കിനെയാണ് (25) എറണാകുളം ടൗൺ സൗത്ത് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ജൂലായ് 15ന് ഡാൻസാഫിന്റെ പരിശോധനയിൽ മുഹമ്മദ് ഷാമിൽ, അബു ഷാമിൽ. ദിയ, ഫജാസ് മുഹമ്മദ് അദാൻ എന്നിവരെ എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.
ഇവരിൽ ഫജാസ് ഒഴികെയുള്ള പ്രതികളെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യംചെയ്യലിലാണ് ഡുൾഹക്കിനെക്കുറിച്ച് വിവരം ലഭിച്ചത്. പിന്നാലെ ഇയാളെ കൊച്ചിയിൽ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ഡുൾഹക്കാണ് ബംഗളൂരുവിൽനിന്ന് രാസലഹരി എത്തിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഇയാൾ വൻ തോതിൽ എം.ഡി.എം.എ കടത്തിയിട്ടുണ്ടെന്നാണ് സൂചന.