കണ്ണൂർ തളിപ്പറമ്പില്‍ വന്‍ തീപിടിത്തം; കെട്ടിടങ്ങള്‍ കത്തിനശിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തം. വൈകുന്നേരം അഞ്ചോടെ കെ ബി ആർ കോംപ്ലക്സിലാണ് അപകടം. നിരവധി കടകൾ കത്തി നശിച്ചു. കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ അ​ഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി.

നാല് നില കെട്ടിടത്തിലാണ് തീ പടര്‍ന്നത്. തുടര്‍ന്ന് തീ മറ്റു കെട്ടിടങ്ങളിലേക്കും പടര്‍ന്നു പിടിച്ചു. പത്തിലേറെ കടകള്‍ കത്തിനശിച്ചു. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഒരു ഭാ​ഗത്തെ തീ നിയന്ത്രണ വിധേയമായതായാണ് അ​ഗ്നിരക്ഷാ ഉദ്യോ​ഗസ്ഥർ പറയുന്നത്. എന്നാൽ തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നി​ഗമനം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടനെ പ്രദേശത്ത് നിന്നും ആളുകൾ ഒഴിഞ്ഞതിനാൽ ആളപായം ഒഴിവായി.