മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരായ മാസപ്പടി വിവാദം വീണ്ടും സഭയിലുന്നയിച്ച് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരായ മാസപ്പടി വിവാദം വീണ്ടും സഭയിലുന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. താന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചുവെന്നും മാത്യു ആരോപിച്ചു.

വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ എന്തുകൊണ്ടാണ് മൗനം തുടരുന്നത് കഴിഞ്ഞതവണ സഭയില്‍ സംസാരിക്കുമ്പോള്‍ തന്റെ മക്കളെ പറഞ്ഞാല്‍ താന്‍ കിടുങ്ങിപ്പോകുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. യഥാര്‍ത്ഥത്തില്‍ അന്ന് അദ്ദേഹം കിടുങ്ങിയിരുന്നു. ആരോപിച്ച കാര്യം അക്ഷരാര്‍ത്ഥത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ തെളിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായില്ല’ കുഴല്‍നാടന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളും അവരുടെ പേരിലുള്ള കമ്പനിയും ചേര്‍ന്ന് ആലപ്പുഴയിലെ തീരദേശംകൊള്ളയടിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു കമ്പനിയുടെ പക്കല്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റി എന്ന കണ്ടെത്തലിന് മറുപടി നല്‍കിയത് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ്. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു. കൊടുത്ത സേവനത്തിന് നല്‍കിയ പണമാണെന്നാണ് സിപിഎം പറയുന്നത്.

എന്നാല്‍ ഒരു സേവനവും ലഭിച്ചിട്ടില്ലെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ എസ് എന്‍ ശശിധരന്‍ കര്‍ത്ത തന്നെ പറയുന്നു. ആ അഴിമതിപ്പണം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിലാണുള്ളത്. ഇതുപോലൊരു സംഭവമുണ്ടായിട്ട് പാര്‍ട്ടിക്കുള്ളില്‍ ഇതിനെക്കുറിച്ച് പറയാന്‍ ഒരു നേതാവ് പോലും ഇല്ലെന്ന് സങ്കടപ്പെടുന്ന ഒരുപാട് കമ്മ്യൂണിസ്റ്റുകാരുണ്ട്. തീവെട്ടിക്കൊള്ളയ്ക്ക് കാവല്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. കുഴല്‍നാടന്‍ ആരോപിച്ചു. അടിയന്തര പ്രമേയ ചര്‍ച്ച സഭയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *