പ്രളയം മനുഷ്യനിർമ്മിതമെന്ന് ആരോപണം ആവർത്തിച്ച് മാത്യു‌ കുഴൽനാടൻ

മൂവാറ്റുപുഴ: 2018ലെ പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് ആരോപിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. തോട്ടപ്പിള്ളി സ്‌പിൽവെ തുറക്കാതിരുന്നത് സ്വകാര്യ കൺസ്‌ട്രക്ഷൻ കമ്പനിക്കുവേണ്ടിയുമാണെന്ന ആരോപണം ഇന്നും അദ്ദേഹം തുടർന്നു. ജലവിഭവ വകുപ്പിന് വീഴ്‌ച പറ്റിയെന്നും കുഴൽനാടൻ പറഞ്ഞു. തോട്ടപ്പിള്ളി സ്‌പിൽവെയിൽ അടിഞ്ഞുകൂടിയ കരിമണൽ എടുക്കുക മാത്രമായിരുന്നു ജലവിഭവ വകുപ്പ് മുൻഗണന നൽകിയിരുന്നതെന്നും എംഎൽഎ പറഞ്ഞു.

പ്രളയം വന്നാൽ കുട്ടനാട് മേഖല അപകടത്തിലാകും എന്ന് കാട്ടി ജലവിഭവ വകുപ്പ് 2019ലിറക്കിയ ഉത്തരവിൽ പ്രളയജലം വരുമെന്നതിലല്ല ആദ്യ പരിഗണന നൽകിയത്. വെള്ളം വരുന്നതിന് മുൻപ് കരിമണൽ മാറ്റണമെന്നതിലായിരുന്നു. 2018ലും 2019ലും ഇവർക്ക്‌ ആശങ്ക വെള്ളം തുറന്നുവിട്ടാൽ മണ്ണ് പോകുമെന്നതാണെന്ന് വ്യക്തമാണ്. ഇത് നാളുകളായി കേരളത്തിൽ നടക്കുന്ന കൊള്ളയാണെന്നും കുഴൽനാടൻ ആരോപിച്ചു.

വിഷയത്തിൽ സിപിഎം-ബിജെപി ഡീലും ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നാളുകൾക്ക് മുൻപ് കുട്ടനാട്ടിലെ ഈ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രം മുഖ്യമന്ത്രിക്ക് മെയിൽ അയച്ചിരുന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ വിഷയം ഇത്ര വാർത്താ പ്രാധാന്യം നേടിയിട്ടും ബിജെപി ഇതുവരെ പ്രതികരിച്ചില്ല. ഇത് ഡീൽ ആണെന്നാണ് കുഴൽനാടന്റെ ആരോപണം. ഇന്ന് കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.