വീണ ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാല്‍ ഞാന്‍ മാപ്പ് പറയാം എന്ന് മാത്യു കുഴല്‍നാടന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ ആരോപണത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയും ബന്ധപ്പെട്ട കമ്പനിയും ഐജിഎസ്ടി അടച്ചിട്ടില്ലെന്ന് തെളിയിച്ചാല്‍ എ കെ ബാലന്‍ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാല്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയാനും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനും മാത്യു കുഴല്‍നാടന്‍ തയ്യാറാകുമോ എന്ന ബാലന്റെ വെല്ലുവിളിക്ക് പിന്നാലെയാണ് കുഴല്‍നാടന്റെ മറുചോദ്യം.

‘മുതിര്‍ന്ന നേതാക്കളായ പിണറായി വിജയനോ എ കെ ബാലനോ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പറയാന്‍ ഞാന്‍ ആളല്ല. അത്രയും വലിയ നേതാക്കളോട് അങ്ങനെ ആവശ്യപ്പെടുകയുമില്ല. നിങ്ങള്‍ ഐജിഎസ്ടിയുടെ കണക്ക് പുറത്തുവിടാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. എത്ര ദിവസം കാത്തിരിക്കണമെന്ന് അറിയില്ല. ഞാനൊരു തുടക്കക്കാരനാണ്. ഇപ്പോഴേ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നു പറയുന്നത് കൂടിയ വെല്ലുവിളിയാണ്. പക്ഷേ രണ്ടാമതൊരു ഓപ്ഷനുണ്ടായിരുന്നു. മാപ്പ് പറയുമോ എന്നായിരുന്നു ചോദ്യം.

ഞാന്‍ ആദ്യം ആവശ്യപ്പെട്ടത് വീണ അല്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കണക്കുകള്‍ പുറത്തുവിടട്ടെ എന്നാണ്. ഞാന്‍ മൂന്നു ദിവസം കാത്തിരുന്നു. എനിക്ക് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് 1.72 കോടി രൂപയ്ക്ക് ഐജിഎസ്ടി അടിച്ചിട്ടില്ല. അത് തന്നെയാണ് ഇപ്പോഴത്തെയും എന്റെ ഉത്തമ ബോധ്യവും വിശ്വാസവും. പക്ഷേ മനുഷ്യനാണ്, സ്വാഭാവികമായും തെറ്റു പറ്റാം. എന്റെ വസ്തുതകള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ പൊതുസമൂഹത്തിന് മുന്നില്‍ അത് ഏറ്റുപറയും. വീണയെ പോലെ ഒരു സംരംഭകയെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ അവരോടു മാപ്പ് പറയാനും എനിക്ക് മടിയില്ല.കുഴല്‍നാടന്‍ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *