രാജേഷ് കൃഷ്ണയെ കണ്ടിട്ടില്ലെന്ന മേഴ്സിക്കുട്ടിയമ്മയുടെ വാദം തെറ്റ്

കണ്ണൂർ ∙ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയെ കണ്ടിട്ടില്ലെന്ന മുൻ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ വാദം തെറ്റെന്നു തെളിയിക്കുന്ന ചിത്രം പുറത്തുവന്നു. 2019 സെപ്റ്റംബർ രണ്ടാം വാരം കൊല്ലം ആശ്രാമം ഗെസ്റ്റ് ഹൗസിൽ ‘ശുചിത്വസാഗരം’ പരിപാടിയുമായി ബന്ധപ്പെട്ട യോഗത്തിൽ മേഴ്സിക്കുട്ടിയമ്മയ്ക്കൊപ്പം രാജേഷും യുകെ പൗരൻ മാത്യു ബൂലൂക്സും പങ്കെടുത്തതിന്റെ ചിത്രങ്ങളാണു പുറത്തുവന്നത്. മേഴ്സിക്കുട്ടിയമ്മയുടെ തൊട്ടടുത്തായിരുന്നു രാജേഷിന്റെ ഇരിപ്പിടം.

ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് സിപിഎം നേതൃത്വത്തിനു നൽകിയ കത്തിൽ ശുചിത്വസാഗരം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് മേഴ്സിക്കുട്ടിയമ്മയുടെ പേരു പരാമർശിച്ചിട്ടുള്ളത്. തീരദേശത്തെ മാലിന്യമുക്തമാക്കാനുള്ള ശുചിത്വസാഗരം പദ്ധതിക്കു രാജേഷ് കൃഷ്ണ 5 ലക്ഷം രൂപ നൽകിയെന്നും എന്നാൽ രാജേഷിനെ ഇതുവരെ കണ്ടിട്ടില്ലെന്നുമായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ വാദം.

സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിൽ യുകെ പൗരൻ മാത്യു ബൂലൂക്സ് എന്തിനു പങ്കെടുത്തു എന്നതിൽ വ്യക്തതയില്ല. പദ്ധതിയുമായി സഹകരിക്കാൻ യുകെ സംഘത്തെ രാജേഷ് കേരളത്തിലെത്തിച്ചതിൽ ദുരൂഹതയുണ്ടെന്നാണു ഷർഷാദിന്റെ ആരോപണം. ‘പ്ലാസ്റ്റ് സേവ്’ എന്ന സംഘടനയുടെ പേരിലായിരുന്നു സംഘം കൊല്ലം സന്ദർശിച്ചത്. മാത്യു ബൂലൂക്സ് മുൻ മന്ത്രി തോമസ് ഐസക്കുമായി ചർച്ച നടത്തുന്നതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.