മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

പത്തനംതിട്ട: ബി പിയില്‍ വ്യതിയാനം ഉണ്ടായതിനെത്തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി നവകേരള സദസിന്റെ ഭാഗമായി കേരള പര്യടനത്തിലായിരുന്നു മന്ത്രി. ഇന്നലെ രാവിലെ മുതല്‍ നേരിയ തളര്‍ച്ചയുണ്ടായിരുന്ന അദ്ദേഹം വൈകിട്ട് നടന്ന ചെങ്ങന്നൂരിലെ നവകേരള സദസില്‍ പങ്കെടുക്കാതെ പത്തനംതിട്ടയിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മാത്രമാണ് ചെങ്ങന്നൂരിലെയും തിരുവല്ലയിലെയും സദസില്‍ പങ്കെടുത്തത്. പത്തനംതിട്ടയിലെ ഹോട്ടല്‍ മുറിയില്‍ വിശ്രമിച്ച ശശീന്ദ്രനെ വൈകിട്ട് ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘം പരിശോധിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാത്ത് ലാബില്‍ നാല് മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം വൈകിട്ടോടെ ഡിസ്ചാര്‍ജ് ചെയ്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടി വീണ്ടും നവകേരളസദസില്‍ സജീവമായി. ആയാസമുള്ള കാര്യങ്ങളൊന്നും ചെയ്യാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എന്‍.ടി.പി.സി ഗസ്റ്റ് ഹൗസിലെത്തിയ കൃഷ്ണന്‍കുട്ടി ഇന്നലെ രാവിലെ പ്രഭാത സദസിലും തുടര്‍ന്ന് മുഖ്യമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തു. നവകേരളസദസിലെ പ്രസംഗത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *