നരബലി ലജ്ജാകരം; വിശ്വാസാന്ധതാ ക്രൂരതകളിലും സ്ത്രീകള്‍ ഇരകള്‍: മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം: സ്ത്രീകളെ ബലി കൊടുത്ത സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വിശ്വാസാന്ധതകള്‍ കൊണ്ടുള്ള ക്രൂരതയില്‍ ഇവിടെയും സ്ത്രീകളാണ് ഇരകളാക്കപ്പെട്ടിരിക്കുന്നതെന്നത് കേരളം ജാഗ്രതയോടെ കാണണം – പത്തനംതിട്ട തിരുവല്ലയിലെ നരബലി സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ജന്തുബലി പോലും സംസ്‌കാര വിരുദ്ധമാണെന്നാണ് നവോത്ഥാന നായികാനായകന്മാര്‍ നമ്മെ പഠിപ്പിച്ചത്.
ഐശ്വര്യവും സമൃദ്ധിയും നേടാന്‍ കുറുക്കുവഴികളില്ല. വിദ്യകൊണ്ടും സംഘടിച്ചു ശക്തി നേടിയും ആര്‍ജ്ജിക്കേണ്ടതാണ് ഐശ്വര്യവും സമൃദ്ധിയും – ഇതാണ് യഥാര്‍ത്ഥ ആചാര്യന്മാര്‍ പറഞ്ഞു തന്നിട്ടുള്ളത്.

എന്നാല്‍, പുതിയ ആചാരക്കാര്‍ ചെയ്യുന്നതെല്ലാം നവോത്ഥാനാചാര്യന്മാര്‍ക്കുള്ള അള്ളു വെപ്പാണ്. അത് തെളിയിക്കുന്നതാണ് നരബലി പോലുള്ള സംഭവം.

ആധുനിക കേരളം കെട്ടിപ്പടുക്കാന്‍ ഇത്തരം വികല മനസ്‌കരെ നിലയ്ക്കു നിര്‍ത്തണം. നിസ്വരും നിരാലംബരുമായ പാവം മനുഷ്യരെ പ്രാകൃതത്വങ്ങളെ തുണയായിക്കാണാന്‍ പ്രേരിപ്പിക്കുന്ന ഇത്തരക്കാരോട് ഒരു മനസ്സിളവും കാണിക്കരുത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *