തിരുവനന്തപുരം: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൃക്കാക്കര ഫലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല. ഇപ്പോഴുള്ള വിമര്‍ശനങ്ങള്‍ സ്വാഭാവികം മാത്രമാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
പ്രതികൂല ഘട്ടങ്ങളിലെല്ലാം യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് തൃക്കാക്കര. ഇത്തവണ വോട്ട് വിഹിതം കൂടിയെങ്കിലും ഉദ്ദേശിച്ച രീതിയില്‍ എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാനായിട്ടില്ല. പരാജയങ്ങളില്‍ എല്‍ഡിഎഫ് കിതയ്ക്കില്ല. എന്നാല്‍ തോല്‍വി വിലയിരുത്തി കുതിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം തൃക്കാക്കര തോല്‍വിയെ ന്യായീകരിച്ച് മന്ത്രി പി രാജീവും രംഗത്തെത്തി. തൃക്കാക്കരയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയാത്തത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ചയില്ല. ഇടതുപക്ഷ വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുന്നതിനൊപ്പം സഹതാപത്തിന്റെ ഘടകം കൂടി കൂട്ടിച്ചേര്‍ത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.