കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വേദിയില്‍; മാറ്റണമെന്ന് മന്ത്രി പ്രസാദ്; പറ്റില്ലെന്ന് രാജ്ഭവന്‍

രാജ്ഭവനില്‍ നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിന ആഘോഷ പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പി.പ്രസാദ്. പരിപാടി നടക്കുന്ന വേദിയില്‍ നിലവിളക്കിന് മുന്നിലായി കാവിക്കൊടിയുമായുള്ള ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനെ ചൊല്ലിയാണ് മന്ത്രി ഉടക്കിയത്. ഒരു പ്രസ്ഥാനം മാത്രം ഉപയോഗിക്കുന്ന ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കാന്‍ കഴിയില്ലെന്നും മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ രാജ്ഭവന്‍ ഇതിന് തയാറായില്ല. ഇതോടെയാണ് മന്ത്രി ചടങ്ങ് ബഹിഷ്‌കരിച്ചത്.

മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് മന്ത്രി പ്രസാദ് പരിപാടി ബഹിഷ്‌കരിച്ചത്. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം സര്‍ക്കാര്‍ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ചു. രാജ്ഭവനിലും പരിപാടി നടന്നു. ഇന്നലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍ എത്തിയപ്പോഴാണ് സെന്‍ട്രല്‍ ഹാളിന്റെ വേദിയില്‍ ഭാരതാംബയുടെ ചിത്രം ശ്രദ്ധിച്ചത്. ഇത്തരമൊരു പതിവ് രാജ്ഭവനില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇക്കാര്യം മന്ത്രിയെ അറിയിക്കുക ആയിരുന്നു.

രാജ്യത്തോടുള്ള അനാദരവല്ലെന്നും ഒരു സംഘടന ഉപയോഗിക്കുന്ന ചിത്രം ഉപയോഗിച്ചതിലാണ് എതിര്‍പ്പെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് രാജ്ഭവനില്‍ ഉണ്ടായത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന്റെ പുതിയ തുടക്കമായാണ് ഈ സംഭവങ്ങളെ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *