പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക മാറ്റില്ലെന്ന്  മന്ത്രി വി ശിവന്‍കുട്ടി;
അധ്യാപകര്‍ തയ്യാറാക്കുന്ന ഉത്തരസൂചിക ഒഴിവാക്കിയത് കേരളത്തിലെ വിജയ ശതമാനം കുറച്ച് മറ്റു ബോര്‍ഡുകളെ സഹായിക്കാനെന്ന് ആരോപണം

തിരുവനന്തപുരം: പ്ലസ് ടു മൂല്യ നിര്‍ണ്ണയത്തിലെ പ്രതിസന്ധിയില്‍ നിലപാടിലുറച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക മാറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി. ക്യാമ്പ് ബഹിഷ്ക്കരിച്ചാൽ നടപടിയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് തള്ളിക്കൊണ്ടാണ് ഇന്നും സംസ്ഥാനത്ത് കെമസ്ട്രിയുടെ വിവിധ ക്യാമ്പുകൾ അധ്യാപകര്‍ ബഹിഷ്ക്കരിച്ചത്.ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് പരാതികളുയര്‍ന്നിരുന്നിരുന്നു.
മൂല്യനിര്‍ണയത്തിന് ചോദ്യകര്‍ത്താവ് തയ്യാറാക്കിയ ഉത്തരസൂചിക തന്നെ ഉപയോഗിച്ചാല്‍ ഭൂരിഭാഗം കുട്ടികളും തോല്‍ക്കുമെന്നണ് അധ്യാപകരുടെ നിലപാട്. കെമസ്ട്രി മൂല്യനിര്‍ണയത്തില്‍ ചോദ്യകര്‍ത്താവ് നല്‍കിയ ഉത്തര സൂചിക തന്നെ ഉപയോഗിക്കണമെന്ന വാശിക്ക് പിന്നില്‍ കേരളാ സിലബസിനെതിരായ അട്ടിമറി ക്കാനെന്ന ആരോപണവും ഉണ്ട്. അധ്യാപകര്‍ തയ്യാറാക്കുന്ന ഉത്തരസൂചിക ഒഴിവാക്കിയത് കേരളത്തിലെ വിജയ ശതമാനം കുറച്ച് മറ്റു ബോര്‍ഡുകളെ സഹായിക്കാനാണ്. എന്നാൽ
ചില അധ്യാപകര്‍ ബോധപൂര്‍വ്വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.ഇന്ന് മൂനിര്‍ണ്ണയ ക്യാമ്പ് അവസാനിക്കാനിരിക്കെ പ്രതിസന്ധി എങ്ങനെ തീര്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒന്‍പത് ദിവസമായിരുന്നു കെമിസ്ട്രി മൂല്യനിര്‍ണയത്തിനായി നിശ്ചയിച്ചിരുന്നത്. അധ്യാപകരുടെ പ്രതിഷേധവും മൂല്യനിര്‍ണ്ണയവും നീണ്ടുപോവുന്നത് പ്ലസ്ടുവിന്റെ ഫല പ്രഖ്യാപനത്തെയും ബാധിക്കും.
തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലകളിലും ആരും ക്യാമ്ബിലെത്തിയില്ല. രണ്ടാവശ്യമുന്നയിച്ചാണ് ബഹിഷ്ക്കരണം. നിലവിലെ ഉത്തര സൂചികമാറ്റണമെന്നാണ് പ്രധാനപ്പെട്ട ആവശ്യം. തെറ്റായ ഉത്തര സൂചിക മറികടക്കാന്‍ സ്കീം ഫൈനലൈസേഷന്റെ ഭാഗമായി പുതിയ ഉത്തര സൂചിക തയ്യാറാക്കിയ 12 അധ്യാപകര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷന്‍ സ്കീം ഉപയോഗിക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. തെറ്റായ ഉത്തര സൂചിക തുടര്‍ന്നാല്‍ കുട്ടികള്‍ക്ക് 20 മാര്‍ക്ക് വരെ കുറയുമെന്നാണ് അധ്യാപകരുടെ ആശങ്ക. എന്നാല്‍ കുട്ടികള്‍ക്ക് മാര്‍ക്ക് നഷ്ട്ടപ്പെടില്ലെന്ന് വിശദീകരിച്ച വിദ്യാഭ്യാസ മന്ത്രി പ്രതിഷേധിക്കുന്ന അധ്യാപകരാണ് പ്രശ്നത്തിന് കാരണമെന്നും വിശദീകരിക്കുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകൾ അധ്യാപകര്‍ ബഹിഷ്‌കരിച്ചിരുന്നു. അധ്യാപകര്‍ ക്യാമ്പുകളിൽ എത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് കാണിച്ച്‌ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *