പഴയിടത്തെ സന്ദര്‍ശിച്ച് മന്ത്രി വാസവന്

കലോത്സവ ഭക്ഷണ വിവാദത്തിന് പിന്നാലെ പഴയിടം മോഹനന് നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്. സര്‍ക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ലെന്നും കലോത്സവത്തിലേക്ക് തിരിച്ച് വരുന്ന കാര്യത്തില്‍ നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കലോത്സവത്തിന് മാംസാഹാരം വിളമ്പാത്തതിന് പഴയിടത്തിന് നേരേ ഒരു വിഭാഗം ആളുകള്‍ വിമര്‍ശനം നടത്തിയിരുന്നു. ഇതോടെ ഇനി കലോത്സവത്തിന് പാചകം ചെയ്യാനില്ലെന്ന് പഴയിടം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
‘ഓണത്തിനും വിഷുവിനും ഈസ്റ്ററിനുമെല്ലാം പഴയിടം നല്ല പായസം ഉണ്ടാക്കി തന്നിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ ഞങ്ങളോടൊപ്പം നിന്ന പഴയിടത്തെ എങ്ങനെ മറക്കാനാകും. ഏതെങ്കിലും തരത്തില്‍ മറന്നാല്‍ വലിയ തരത്തിലുളള അധാര്‍മികതയാകും. നിരവധി സന്ദര്‍ഭങ്ങളില്‍ അഭ്യര്‍ത്ഥിച്ചിട്ട് പാവങ്ങള്‍ക്ക് സഹായം നല്‍കുകയും കല്യാണങ്ങള്‍ നടത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ നന്മ നിറഞ്ഞ അദ്ദേഹത്തിന്റെ മനസ്സാണ്’, വാസവന് പറഞ്ഞു.